| Thursday, 16th March 2023, 10:28 pm

വിജയ് സൂപ്പറും പൗര്‍ണമിയും പോലൊരു സിനിമയെ നരസിംഹമാക്കണമെന്ന് പറഞ്ഞാല്‍; നിങ്ങള്‍ക്ക് അറിയാവുന്നവരെ വെച്ച് ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു: കാര്‍ത്തിക് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യൂട്യൂബ് വീഡിയോകളിലൂടെയും ഷോര്‍ട്ട് ഫിലിമിലൂടെയും സുപരിചിതനായ താരമാണ് കാര്‍ത്തിക് ശങ്കര്‍. അടുത്തിടെ കാര്‍ത്തിക് തെലുങ്ക് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ സിനിമയില്‍ നിന്ന് താന്‍ പിന്മാറിയെന്ന് കാര്‍ത്തിക് തന്നെ പിന്നീട് അറിയിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് താന്‍ ആ സിനിമയില്‍ നിന്നും പിന്മാറിയതെന്ന് പറയുകയാണ് താരമിപ്പോള്‍.

തന്റെയൊരു ഷോര്‍ട്ട് ഫിലിം കണ്ടിട്ട് ഫീല്‍ ഗുഡ് സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ തന്നെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്ന് കാര്‍ത്തിക് പറഞ്ഞു. സിനിമയുടെ ഏതാണ്ട് 95 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞപ്പോഴാണ് അതിലേക്ക് കുറച്ച് മാസ് എലമെന്റ്‌സ് കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം വരുന്നതെന്നും തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്നും ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കവെ കാര്‍ത്തിക് പറഞ്ഞു.

‘എന്റെയൊരു ഷോര്‍ട്ട് ഫിലിം കണ്ടിട്ടാണ് അവര്‍ എന്നെ വിളിക്കുന്നത്. ഒരേ നിഴലുകള്‍ എന്നാണ് അതിന്റെ പേര്. അതായിരുന്നു സിനിമയുടെ സ്‌ക്രിപ്റ്റ്. ഒരു ടിപ്പിക്കല്‍ തെലുങ്ക് സിനിമയല്ലാതെ ഒരു ഫീല്‍ ഗുഡ് സിനിമയാണ് അവര്‍ക്ക് വേണ്ടതെന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലേക്ക് എത്തുന്നത്. ഏതാണ്ട് 95 ശതമാനം ഷൂട്ടും കഴിഞ്ഞിരുന്നു.

ആ സിനിമയില്‍ നായകനായി വന്നയാളുടെ അതിന് മുമ്പുള്ള സിനിമ ഒരു മാസ് പടമായിരുന്നു. ആ സിനിമ വലിയ ഹിറ്റുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓഡിയന്‍സ് ഇഷ്ടപ്പെടുന്നത് അത്തരം സിനിമകളാണെന്നും അതിനുവേണ്ടിയുള്ള ചില കാര്യങ്ങളൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു പരിധി വരെയൊക്കെ അവിടുത്തെ ആളുകളെ തൃപ്തിപ്പെടുത്താനുള്ളത് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുറെയൊക്കെ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ തന്നെ പറഞ്ഞിരുന്നു.

ഫീല്‍ ഗുഡ് രീതിയില്‍ പോയാല്‍ മതിയെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണല്ലോ എന്നെ ആ സിനിമ ചെയ്യാന്‍ വിളിക്കുന്നത്. ഈ സമയത്ത് തന്നെ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഫീല്‍ ഗുഡ് സിനിമയിറങ്ങി. അത് തിയേറ്ററില്‍ അത്ര നന്നായി വര്‍ക്കായില്ല. അപ്പോള്‍ ഫീല്‍ ഗുഡ് സിനിമകള്‍ അദ്ദേഹത്തിന് വര്‍ക്കാകുമോ എന്നൊരു സംശയം വന്നു. അപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമയിലേക്ക് മാസ് സിനിമയുടെ ചില ഇന്‍പുട്ട്‌സ് വേണമെന്ന തീരുമാനത്തിലേക്ക് വന്നു.

പകുതിയില്‍ കൂടുതല്‍ ഷൂട്ട് കഴിഞ്ഞ ഒരു സിനിമയാണല്ലോ അത്. സ്വന്തം ഭാഷയെല്ലാം വിട്ട് അവിടെ പോയൊരു സിനിമ ചെയ്യുന്നത് വിജയിക്കുക എന്ന ആഗ്രഹം കൊണ്ടാണല്ലോ. പൈസയൊക്കെ നോക്കിയാണെങ്കില്‍ എനിക്കൊരു യൂട്യൂബ് ചാനലുണ്ടല്ലോ. പക്ഷെ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും വലിയ പ്രഷര്‍ വന്നു. വിജയ് സൂപ്പറും പൗര്‍ണമിയും അല്ലെങ്കില്‍ സണ്‍ഡേ ഹോളിഡേ പോലെയൊരു സിനിമയെ നരസിംഹം ലെവലിലേക്ക് ആക്കുന്നത് എങ്ങനെയാണ്.

ഞാന്‍ പറഞ്ഞുവെച്ച ഒരു കാര്യമുണ്ട് അതിന്റെ അപ്പുറത്തേക്ക്, ഴോണര്‍ തന്നെ പൂര്‍ണമായി മാറ്റുന്ന രീതിയില്‍ എനിക്ക് ചെയ്യാന്‍ പറ്റില്ല. നിങ്ങള്‍ തന്നെ വേറെ ആരെയെങ്കിലെയും ഉപയോഗിച്ച് ഈ സിനിമ ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. പിണക്കമോ കാര്യങ്ങളോ ഒന്നുമില്ലാതെ പരസ്പര സമ്മതത്തോടെ ഞാന്‍ ആ സിനിമയില്‍ നിന്നും ഒഴിഞ്ഞു,’ കാര്‍ത്തിക് ശങ്കര്‍ പറഞ്ഞു.

content highlight: youtuber karthik shankar about his first directorial

We use cookies to give you the best possible experience. Learn more