ന്യൂദല്‍ഹി: കേരള സ്റ്റോറി മുന്നോട്ട് വെക്കുന്ന അജണ്ടകളെ തുറന്നു കാണിക്കുന്ന യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോക്ക് മികച്ച പ്രതികരണം. അപ്‌ലോഡ് ചെയ്ത് ഒരു ദിവസം കൊണ്ട് ആറ് മില്യണില്‍ കൂടുതല്‍ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 5,51,000 ലൈക്ക് കിട്ടിയ വീഡിയോക്ക് 91,278 കമന്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
22 മിനിറ്റുള്ള വീഡിയോയില്‍ കേരളാ സ്‌റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പൊളിക്കുകയും ഉദാഹരണങ്ങള്‍ സഹിതം കള്ളം പ്രചരിപ്പിക്കുന്ന രീതികള്‍ എല്ലാം എളുപ്പത്തില്‍ അദ്ദേഹം തുറന്നുകാണിക്കുന്നുണ്ട്.
കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്ന ധ്രുവ് സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസുകളെക്കുറിച്ചും കൃത്യമായ പഠനം നടത്തി വിശദീകരിക്കുന്നുണ്ട്.
വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ധ്രുവിന്റെ വീഡിയോ എന്നാണ് കമന്റുകള്‍. കേരളാ സ്‌റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ മുന്നോട്ടുവെക്കുന്ന കള്ളങ്ങളെല്ലാം ഇന്‍ഫോഗ്രാഫിക്‌സിന്റെയും കൃത്യമായ റിപ്പോര്‍ട്ടുകളുടെയും
അടിസ്ഥാനത്തില്‍ ധ്രുവിന് പൊളിച്ചടുക്കാനായെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
ഭാഷ ഹിന്ദി ആയതുകൊണ്ട് തന്നെ കേരളാ സ്റ്റോറിയുടെ സംവിധായകന്‍ ലക്ഷ്യംവെച്ച ഓഡിയന്‍സിലേക്ക് വീഡിയോ എത്തുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlight: YouTuber Dhruv Rathi’s video exposing the agendas pushed by kaela Story has received a great response