കേരളാ സ്‌റ്റോറി വധം; ഇനിയും ന്യായീകരിക്കുന്നവര്‍ക്ക് വേണ്ടി ഒരു വീഡിയോ കൂടി ഇറക്കിയാലോ എന്ന് ധ്രുവ്
national news
കേരളാ സ്‌റ്റോറി വധം; ഇനിയും ന്യായീകരിക്കുന്നവര്‍ക്ക് വേണ്ടി ഒരു വീഡിയോ കൂടി ഇറക്കിയാലോ എന്ന് ധ്രുവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 4:54 pm

ന്യൂദല്‍ഹി: കേരള സ്റ്റോറി മുന്നോട്ട് വെക്കുന്ന അജണ്ടകളെ തുറന്നുകാണിക്കുന്ന തന്റെ വീഡിയോ യൂട്യൂബില്‍ 12 മില്യണ്‍ വ്യൂസ് പിന്നിട്ട സന്തോഷം പങ്കുവെച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം ആളുകള്‍ ഈ ഒരൊറ്റ വീഡിയോ കണ്ടെന്ന് ധ്രുവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതീക്ഷിച്ച പോലെ വീഡിയോ ഇറങ്ങിയതിന് ശേഷം വധഭീഷണി വരെ ഉണ്ടായിട്ടുണ്ടെന്നും, എന്നാല്‍ അതിന്റെ 10 മടങ്ങ് കൂടുതല്‍ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചതെന്നും ധ്രുവ് പറഞ്ഞു. കേരള സ്‌റ്റോറിയെ ഇപ്പോഴും ന്യായീകരിക്കുന്ന ആളുകളുടെ വാദങ്ങളെ പൊളിച്ചെഴുതുന്ന മറ്റൊരു വീഡിയോ കൂടി താന്‍ ഇറക്കിയാലോ എന്നും ധ്രുവ് ചോദിക്കുന്നു.

‘യൂട്യൂബില്‍ 12 മില്യണ്‍ വ്യൂസ്.
ഫേസ്ബുക്കില്‍ 2 മില്യണ്‍ വ്യൂസ്.

ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം ഈ ഒരൊറ്റ വീഡിയോ കണ്ടിട്ടുണ്ട്. കേരള സ്‌റ്റോറിയുടെ മുഴുവന്‍ പ്രചാരണ തന്ത്രങ്ങളെയും ഇത് ആകെ ഇളക്കിമറിച്ചു എന്ന് വിശ്വസിക്കുന്നു

പ്രതീക്ഷിച്ചതുപോലെ, വീഡിയോയുടെ പേരില്‍ എനിക്ക് ഒരുപാട് ഹേറ്റ് കമന്റും വധഭീഷണിയും ലഭിച്ചു. എന്നാല്‍ നിങ്ങള്‍ എല്ലാവരില്‍ നിന്നും അതിന്റെയൊക്കെ 10 മടങ്ങ് കൂടുതല്‍ സ്‌നേഹവും പിന്തുണയും ലഭിച്ചു. പലരും എന്നെ അധിക്ഷേപിച്ചും പരിഹസിച്ചും വീഡിയോയെ പ്രതിരോധിക്കാന്‍ തീവ്രമായി ശ്രമിച്ചൈങ്കിലും വസ്തുതകള്‍ മറിച്ചായതിനാല്‍ അവരെല്ലാം പരാജയപ്പെട്ടു,’ ധ്രുവ് പറഞ്ഞു.

അതേസമയം, 22 മിനിറ്റുള്ള വീഡിയോയില്‍ കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പൊളിക്കുകയും ഉദാഹരണങ്ങള്‍ സഹിതം കള്ളം പ്രചരിപ്പിക്കുന്ന രീതികള്‍ എല്ലാം എളുപ്പത്തില്‍ ധ്രുവ് തുറന്നുകാണിക്കുന്നുണ്ട്.

കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്‍ദത്തെക്കുറിച്ചും ദേശീയ സൂചികകളിലെ കേരളത്തിന്റെ സ്ഥാനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്ന ധ്രുവ് സംസ്ഥാനത്ത് നിന്ന് വിദേശത്തേക്ക് പോയ മൂന്ന് പെണ്‍കുട്ടികളുടെ കേസുകളെക്കുറിച്ചും കൃത്യമായ പഠനം നടത്തി വിശദീകരിക്കുന്നുണ്ട്. കേരളാ സ്റ്റോറി മുന്നോട്ടുവെക്കുന്ന കള്ളങ്ങളെല്ലാം ഇന്‍ഫോഗ്രാഫിക്സിന്റെയും കൃത്യമായ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ധ്രുവ് പൊളിച്ചടുക്കുന്നുണ്ട്.