ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയ പശ്ചാത്തലത്തിലാണ് ഔദ്യോഗിക രേഖകളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നതെന്നാണ് ധ്രുവ് റാഠി പറയുന്നത്. ഇങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി തന്റെ പേര് മാറ്റാനും മടിക്കില്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
‘പ്രതിപക്ഷ സഖ്യത്തിന് മോദി എന്ന് പേരിട്ടിരുന്നെങ്കില്‍, അരക്ഷിതാവസ്ഥയിലായി മോദി തന്റെ പേരുമാറ്റുമെന്ന് ഞാന്‍ കരുതുന്നു,’ ധ്രുവ് റാഠി എക്‌സില്‍ കുറിച്ചു.
If Opposition alliance calls themselves as MODI
Then I think, Modi will rename himself out of insecurity
— Dhruv Rathee (@dhruv_rathee) September 5, 2023
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഈ കാര്യം ചൂണ്ടിക്കാണിച്ച് എക്സില്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ ചരിത്രം നശിപ്പിക്കാനും ഇന്ത്യയെ വിഭജിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തുടരുകയാണെന്നും ഇന്ത്യ മുന്നണി ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
Content Highlight: YouTuber Dhruv Rathee mocks central government move to change India’s name to Bharat