| Friday, 9th August 2024, 2:24 pm

മോഹന്‍ലാലിനെതിരായ അധിക്ഷേപം; സിദ്ദിഖിന്റെ പരാതിയില്‍ യുട്യൂബര്‍ അറസ്റ്റില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ അധിക്ഷേപിച്ചെന്ന കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയില്‍ യുട്യൂബര്‍ ചെകുത്താന്‍ എന്ന പേരിലറിയപ്പെടുന്ന അജു അലക്‌സ് അറസ്റ്റില്‍. ഭാരതീയ ന്യായ സംഹിത 192 , 296 (ബി) കെ.പി ആക്ട് 2011 120 (0 ) വകുപ്പുകള്‍ ചുമത്തിയാണ് അജു അലക്‌സിനെ അറസ്റ്റ് ചെയ്തത്. സൈനിക യൂണിഫോമില്‍ മോഹന്‍ലാല്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിച്ച സംഭവത്തെ അധിക്ഷേപിച്ച് കൊണ്ടാണ് ചെകുത്താന്‍ വീഡിയോ ചെയ്തിരിക്കുന്നത്. 

വയനാട് ദുരന്തമുഖത്ത് ആഗസ്റ്റ് 3 ന് നടനും ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിനെ ചെകുത്താന്‍ യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച് അജു അലക്‌സ് വീഡിയോ ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാകുന്ന രീതിയിലുള്ള പരാമര്‍ശം അജു അലക്‌സ് നടത്തിയെന്നാണ് തിരുവല്ല പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയില്‍ തിരുവല്ല പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലിസ് കേസ് ആയതോടെ അജു അലക്‌സ് ഒളിവില്‍ പോയിരുന്നു.

സിനിമകള്‍ക്കും സിനിമാതാരങ്ങള്‍ക്കും എതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അമ്മ താര സംഘടന തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അമ്മ സംഘടനയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍.

‘കഴിഞ്ഞ കുറച്ചു കാലങ്ങളായി യുട്യൂബര്‍ എന്ന് പറയുന്നവര്‍ വന്നിട്ട് വ്യക്തിപരമായും സിനിമകളെയുമെല്ലാം അധിക്ഷേപിക്കുന്ന പ്രവണത കാണുന്നുണ്ട്. കുറെ കാലമായി നടി നടന്‍മാര്‍ ഇത് അനുഭവിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് വ്യക്തമായൊരു നിയമമുണ്ട്. ഇപ്പോഴാണ് നിയമപരമായി ഒരു നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത്. ഇപ്പോള്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും ആരെയും എന്തും പറയാം എന്നുല്ലരീതിയില്‍ ആ മേഖല മാറികൊണ്ടിരിക്കുകയാണ്

മോഹന്‍ലാല്‍ എന്ന വ്യക്തി കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ആണ്. അദ്ദേഹം തന്റെ സൈന്യത്തിന്റെ ഭാഗമായി അവിടെ പോയപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയില്‍ സങ്കടം തോന്നി. അങ്ങനെ ആണ് പരാതി കൊടുക്കാന്‍ തീരുമാനിക്കുന്നത്,’ സിദ്ദിഖ് പറയുന്നു.

മോഹന്‍ലാലിനെ മാത്രമല്ല ഈ സംഘടനയുടെ സാധാരണ ഒരു മെമ്പറെ പോലും വ്യക്തിപരമായി ആര് ആക്രമിച്ചാലും സംഘടനയുടെ ജനറല്‍ സെക്രെട്ടറി എന്ന നിലയില്‍ ചോദ്യം ചെയേണ്ട ബാധ്യത തനിക്കുണ്ടെന്നും അതുകൊണ്ടാണ് പൊലിസില്‍ പരാതിപ്പെട്ടതെന്നും സിദ്ദിഖ് പറയുന്നു.

Content Highlight : Youtuber  Arrested In Defamation Case Of Mohanlal

We use cookies to give you the best possible experience. Learn more