പത്തനംതിട്ട: മോഹന്‍ലാലിനെതിരെ നടത്തിയ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് അജു അലക്‌സ് ഇക്കാര്യം പറഞ്ഞത്.
ഇനിയും അഭിപ്രായങ്ങള്‍ തുറന്നുപറയുമെന്നും കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്‌സ് അവകാശപ്പെട്ടു.
എന്നാല്‍, താന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെന്നും അജു പറഞ്ഞു. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കുമെന്നും ചെകുത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവന്‍ രക്ഷിക്കാനുള്ള മിലിറ്ററിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു.
ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത്. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് വീഡിയോ നീക്കം ചെയ്തത്,’ അജു അലക്‌സ് പറഞ്ഞു.
‘ദുരന്ത മേഖലയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാന്‍ ഒളിവിലാണ് എന്നൊക്കെ പ്രചരിപ്പിച്ചു.
സ്റ്റേഷനിലെത്താന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചു. താന്‍ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പല കാര്യങ്ങളും പ്രചരിച്ചു’ അജു അലക്‌സ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തിരുവല്ല പൊലീസ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. നേരത്തെ, ഇയാളുടെ ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു.
താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു.
ഭാരതീയ ന്യായ സംഹിത 192 , 296 (ബി) കെ.പി ആക്ട് 2011 120 (0) വകുപ്പുകള്‍ ചുമത്തിയാണ് അജു അലക്സിനെ അറസ്റ്റ് ചെയ്തത്. സൈനിക യൂണിഫോമില്‍ മോഹന്‍ലാല്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിച്ച സംഭവത്തെ അധിക്ഷേപിച്ച് കൊണ്ടാണ് ചെകുത്താന്‍ വീഡിയോ ചെയ്തിരിക്കുന്നത്.
വയനാട് ദുരന്തമുഖത്ത് ആഗസ്റ്റ് 3 ന് നടനും ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിനെ ചെകുത്താന്‍ യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച് അജു അലക്സ് വീഡിയോ ചെയ്തിരുന്നു.
മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാകുന്ന രീതിയിലുള്ള പരാമര്‍ശം അജു അലക്സ് നടത്തിയെന്നാണ് തിരുവല്ല പൊലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലുള്ളത്.
സിനിമകള്‍ക്കും സിനിമാതാരങ്ങള്‍ക്കുമെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അമ്മ താര സംഘടന തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അമ്മ സംഘടനയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍.
Content highlight: YouTuber Chekuthan says he will file a complaint against Mohanlal with the army