റിവ്യു ചെയ്തതിന്റെ പേരില്‍ തനിക്ക് അക്രമ ശ്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യൂട്യൂബര്‍ അശ്വന്ത് കോക്ക്. കോഴിക്കോട് പാളയത്ത് ബസിലിരിക്കുമ്പോള്‍ പ്രകോപിപ്പിച്ച് പുറത്തേക്ക് ഇറക്കാന്‍ നോക്കിയിട്ടുണ്ടെന്നും പുറത്തിറങ്ങിയിരുന്നെങ്കില്‍ തന്നെ കൈകാര്യം ചെയ്യാനായിരിക്കുമെന്നും അശ്വന്ത് കോക്ക് പറഞ്ഞു. കേസിനെ പറ്റി ആലോചിച്ച് തനിക്ക് ആശങ്കയില്ലെന്നും എന്നാല്‍ സിനിമാക്കാരില്‍ നിന്നും അക്രമമുണ്ടായേക്കാം എന്ന ആശങ്കയില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണിനോടായിരുന്നു അശ്വന്ത് കോക്കിന്റെ പ്രതികരണം.
‘കേസിനെ പറ്റിയൊന്നും എനിക്ക് ആശങ്കയില്ല. ഞാന്‍ ഒരു ഫ്‌ളോയില് പോകുന്ന ആളാണ്. എന്തെക്കെയോ സംഭവിക്കുന്നു, ഞാന്‍ അതിനെ പറ്റി ബോദേര്‍ഡ് അല്ല. എന്നെ ബാധിക്കുമ്പോഴാണ് ഞാന്‍ ബോദേര്‍ഡ് ആവുന്നത്.
ഇപ്പോള്‍ പ്രൈവസി ഇല്ലാത്തത് ബാധിക്കാറുണ്ട്. ആളുകള്‍ എന്നെ കാണുമ്പോള്‍ ഐഡിന്റിഫൈ ചെയ്യുന്നുണ്ട്. അത് തന്നെ രണ്ട് തരം ആളുകളുണ്ട്. എന്നെ വെറുക്കുന്നുവരുമുണ്ട്, ആരാധിക്കുന്നവരുമുണ്ട്. മറ്റുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് അവരെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളാണ് കൂടുതല്‍. സ്വഭാവികമായും എനിക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാവാം.
കോഴിക്കോട് പാളയത്ത് വെച്ച് എന്നെ മൂന്ന് പേര് അക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാത്രിയില്‍ സ്ലീപ്പര്‍ ബസില്‍ പോവുകയായിരുന്നു. പാളയത്ത് ബസ് നിര്‍ത്തിയിട്ടപ്പോള്‍ പുറത്ത് നിന്ന മൂന്ന് പേര്‍ എന്നെ തിരിച്ചറിഞ്ഞു. അവര്‍ പുറത്ത് നിന്ന് ഓരോ ആംഗ്യങ്ങളൊക്കെ കാണിച്ച് പുറത്തേക്ക് വാടാ എന്ന രീതിയില്‍ എന്നെ പ്രൊവോക്ക് ചെയ്യാന്‍ നോക്കി. പുറത്തിറങ്ങിയാല്‍ എന്നെ കൈകാര്യം ചെയ്യാമെന്ന് വിചാരിച്ചാവും. പക്ഷേ ഞാന്‍ ഇറങ്ങിയില്ല. അതിലൊരു കക്ഷി അകത്തേക്ക് കയറി വന്നു. എന്നെ കുറച്ച് സമയം നോക്കി. എന്താണെന്ന് ചോദിച്ചപ്പോള്‍ പുറത്തേക്ക് ഇറങ്ങിയിട്ട് ഇറങ്ങി വാടാ എന്ന് ആക്ഷന്‍ കാണിച്ചു. അങ്ങനെയുള്ള എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടുണ്ട്.
സിനിമാക്കാര്‍ ഭയങ്കര പവര്‍ഫുള്ളാണ്. ഇവര്‍ക്ക് പണമുണ്ട്. പൊളിറ്റിക്കല്‍ ഇന്‍ഫ്‌ളുവന്‍സ് ഉണ്ട്. ക്വട്ടേഷന്‍ പരിപാടി ഒക്കെ ഉള്ള ആളുകളാണ്. ഒരു അറ്റാക്ക് വരും എന്ന രീതിക്ക് ജീവിക്കുമ്പോഴുള്ള ഒരു മാനസിക ബുദ്ധിമുട്ടുണ്ട്,’ അശ്വന്ത് കോക്ക് പറഞ്ഞു.
Content Highlight: YouTuber Ashwant Kok says he has faced attempt of attack because of his review