ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ട് ഒരു സിനിമ കാണാന്‍ പോവാതിരിക്കുന്നതെന്ന് യൂട്യൂബര്‍ അര്‍ജു. ഒരു പടം നല്ലതാണെങ്കില്‍ പിന്നെ റിവ്യൂവിന്റെ പോലും ആവശ്യമില്ലെന്നും അര്‍ജു പറയുന്നു. അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജു.
വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്‌ഗ്രേഡ് ചെയ്യുമെന്നും സിനിമക്ക് കഥയെഴുതുമ്പോള്‍ ഈ കഥ എത്രത്തോളം ആളുകളിലേക്ക് സ്വീകരിക്കപ്പെടാമെന്ന് ആലോചിക്കുമെന്നും അര്‍ജു പറയുന്നുണ്ട്. അതിനനുസരിച്ച് ആളുകള്‍ സ്‌ക്രിപ്റ്റില്‍ കുറച്ചുകൂടെ എഫേര്‍ടിട്ട് വര്‍ക്ക് ചെയ്യുമെന്നും അതുവഴി നല്ല സിനിമകള്‍ ഉണ്ടാകുമെന്നും അര്‍ജു പറയുന്നു.
‘നല്ല പടത്തിനെ മോശമാണെന്ന് പറഞ്ഞ് റിവ്യു ഇടുന്നത് കൊണ്ട് കാര്യമില്ല. അങ്ങനെ ചെയ്താലും പ്രേക്ഷകര്‍ നമ്മളെ ചീത്ത വിളിക്കും. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡൊക്കെ കണ്ടിട്ട് എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് നിങ്ങളാരും കാണരുതെന്ന് പറയാന്‍ പറ്റില്ല.
കാരണം ആ സിനിമകള്‍ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു സിനിമ നല്ലതാണെങ്കില്‍ അത് വിജയിച്ചിരിക്കും. എനിക്ക് കണ്ടിട്ട് ഇഷ്ടപെടാത്ത പല സിനിമകളും പണ്ട് ഇവിടെ ഹിറ്റടിച്ചിട്ടുണ്ട്. ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോവാതെ നില്‍ക്കുന്നത്.
ഒരു പടം നല്ലതാണെങ്കില്‍ പിന്നെ റിവ്യുവിന്റെ പോലും ആവശ്യമില്ല. ചിലപ്പോള്‍ പടത്തിന്റെ കളക്ഷനെ അത് ബാധിച്ചേക്കാം. നമ്മള്‍ റിവ്യു പറയുന്നുവെന്നേയുള്ളു. നല്ല പടമാണെങ്കില്‍ നല്ല റിവ്യുവാകും പറയുന്നത്.
പിന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്‌ഗ്രേഡ് ചെയ്യും. കാരണം, എഴുതുമ്പോള്‍ ഈ കഥ എത്രത്തോളം ആളുകളിലേക്ക് സ്വീകരിക്കപ്പെടാമെന്ന് ആലോചിക്കും. അതിനനുസരിച്ച് അവര്‍ സ്‌ക്രിപ്റ്റില്‍ കുറച്ചുകൂടെ എഫേര്‍ട്ട് ഇട്ടിട്ട് വര്‍ക്ക് ചെയ്യും. അതുവഴി നല്ല സിനിമകള്‍ ഉണ്ടാകും.
ഇപ്പോള്‍ എല്ലാ പടങ്ങളും നമുക്ക് ലഭ്യമാണ്. എല്ലാ ഭാഷയിലുമുള്ള പടങ്ങളും നമ്മള്‍ കാണുന്നുണ്ട്. അതുകൊണ്ടാകാം ജവാന്‍ അവിടെ വര്‍ക്കായതും ഇവിടെ വര്‍ക്കാവാതെ പോയതും. നമ്മള്‍ കണ്ടു മടുത്ത സാധനങ്ങളാണ് അത്. പക്ഷെ അവര്‍ക്കത് പുതിയതാണ്,’ അര്‍ജു പറയുന്നു.
Content Highlight: Youtuber Arjyou Talks About Movie Reviews