| Tuesday, 31st October 2023, 11:06 pm

ലോകേഷിന്റെ ഇന്റര്‍വ്യൂ കണ്ട് ഞാന്‍ സിനിമക്ക് കഥ എഴുതി; യൂട്യൂബല്ല ഇനി സിനിമ മതിയെന്ന് അന്ന് തീരുമാനിച്ചു: അര്‍ജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ ഇന്റര്‍വ്യൂ കണ്ട ശേഷം താന്‍ സിനിമക്ക് കഥ എഴുതാന്‍ തീരുമാനിച്ച കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് യൂടൂബര്‍ അര്‍ജു. യൂട്യൂബല്ല ഇനി സിനിമ മതിയെന്ന് പോലും അന്ന് തീരുമാനിച്ചിരുന്നതായും അര്‍ജു പറയുന്നു. അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജു.

‘എനിക്ക് എന്തു കണ്ടാലും അതില്‍ നിന്നും എന്തെങ്കിലുമൊക്കെ ഇന്‍സ്പയറാകും. കഴിഞ്ഞ ദിവസം ലോകേഷിന്റെ ഇന്റര്‍വ്യൂ മൊത്തം കണ്ട ശേഷം ഞാന്‍ സിനിമക്ക് കഥ എഴുതാന്‍ ഇരുന്നു. ഞാന്‍ ചെയ്യുന്ന പണിയെല്ലാം നിര്‍ത്തിവെച്ചിട്ടായിരുന്നു അത്. യൂട്യൂബല്ല ഇനി സിനിമ മതിയെന്ന് അന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടു വരി എഴുതിയതും പിറ്റേന്ന് എന്റെ കയ്യില്‍ നിന്നും പോയി.

എനിക്ക് എന്തു കണ്ടാലും പെട്ടെന്ന് അത് ചെയ്യണം. പെട്ടെന്നുള്ള ഇന്‍സ്പിരേഷനാണ് ഓരോന്നും. പക്ഷെ അത് തുടര്‍ന്നും ചെയ്യാന്‍ പറ്റിയാല്‍ നന്നാവും. ഒരു മാസമെങ്കിലും അത് തുടര്‍ന്ന് ചെയ്താല്‍ നമുക്ക് സോര്‍ട് ഔട്ട് ചെയ്‌തെടുക്കാന്‍ കഴിയും. അതേസമയം ആ ഇന്‍സ്പിരേഷന്‍ എല്ലാത്തില്‍ നിന്നും കിട്ടുന്നുണ്ട് എന്നതാണ് സത്യം.

ഞാന്‍ പലര്‍ക്കും ഒരു ഇന്‍സ്പിരേഷനാണെന്ന് തോന്നിയിട്ടുണ്ട്. ചേട്ടനെ കണ്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് പറഞ്ഞ് എനിക്ക് പലരും മെസ്സേജ് അയക്കാറുണ്ട്. അതു കൊണ്ടാണ് ഞാന്‍ ഒരു ഇന്‍സ്പിരേഷനാണെന്ന് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞത്.

അതുപോലെ ഞാന്‍ ഒരു ദിവസം ബാംഗ്ലൂരില്‍ ബസിറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത് ഒരു ചേച്ചി എനിക്ക് ലിഫ്റ്റ് തന്നു. പിന്നെ പോകും മുമ്പ് എന്റെ വീഡിയോസൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞു. എന്റെ വീഡിയോ കാണുമ്പോള്‍ നമ്മുടെ വീട്ടില്‍ ഉള്ള ഒരാളുടെ വീഡിയോ കാണുന്നത് പോലെ തോന്നുമെന്നും പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞിരുന്നു. അങ്ങനെ ആളുകള്‍ സ്വീകരിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്,’ അര്‍ജു പറഞ്ഞു.

അതേസമയം സിനിമയുടെ റിവ്യൂസിനെ പറ്റി ചോദിച്ചപ്പോള്‍ ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോവാതെ നില്‍ക്കുന്നതെന്നും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്ഗ്രേഡ് ചെയ്യുമെന്നും അര്‍ജു പറയുന്നുണ്ട്.

‘ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോവാതെ നില്‍ക്കുന്നത്. ഒരു പടം നല്ലതാണെങ്കില്‍ പിന്നെ റിവ്യുവിന്റെ പോലും ആവശ്യമില്ല. ചിലപ്പോള്‍ പടത്തിന്റെ കളക്ഷനെ അത് ബാധിച്ചേക്കാം. നമ്മള്‍ റിവ്യു പറയുന്നുവെന്നേയുള്ളു. നല്ല പടമാണെങ്കില്‍ നല്ല റിവ്യുവാകും പറയുന്നത്.

പിന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്ഗ്രേഡ് ചെയ്യും. കാരണം, എഴുതുമ്പോള്‍ ഈ കഥ എത്രത്തോളം ആളുകളിലേക്ക് സ്വീകരിക്കപ്പെടാമെന്ന് ആലോചിക്കും. അതിനനുസരിച്ച് അവര്‍ സ്‌ക്രിപ്റ്റില്‍ കുറച്ചുകൂടെ എഫേര്‍ട്ട് ഇട്ടിട്ട് വര്‍ക്ക് ചെയ്യും. അതുവഴി നല്ല സിനിമകള്‍ ഉണ്ടാകും,’ അര്‍ജു പറഞ്ഞു.

Content Highlight: Youtuber Arjyou Talks About  After watching Lokesh’s Interview He Wrote A Story For Film

We use cookies to give you the best possible experience. Learn more