| Wednesday, 13th January 2021, 2:34 pm

ഭീഷണി കടുത്തപ്പോള്‍ ട്രംപിന്റെ ചാനല്‍ നീക്കം ചെയ്ത് യൂട്യൂബും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചാനല്‍ നീക്കം ചെയ്ത് യൂട്യൂബും. പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനുമാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചാനലിനെ യൂട്യൂബ് വിലക്കിയത്.

അടുത്ത് ഏഴ് ദിവസത്തേക്കാണ് വിലക്ക്. ആവശ്യമെങ്കില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ദിവസങ്ങള്‍ കൂട്ടുമെന്നും യൂട്യൂബ് വ്യക്തമാക്കി.

അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ട്രംപിന്റെ ഔദ്യോഗിക ചാനല്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രംപിന്റെ ചാനല്‍ നീക്കം ചെയ്തില്ലെങ്കില്‍ യൂട്യൂബിന് പരസ്യം നല്‍കുന്നത് നിര്‍ത്തുമെന്ന് പറഞ്ഞു കൊണ്ടുള്ള ക്യാമ്പയിന്‍ ശക്തമായതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ ശക്തമായ നടപടിയിലേക്ക് കടന്നത്.

നേരത്തെ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ട്വിറ്ററും ഫേസ്ബക്കും ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്.

തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ വന്‍ പ്രതിഷേധം നടത്തുന്നതിനിടെ ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ട്വിറ്ററില്‍ നിന്നും കടുത്ത നടപടിക്ക് കാരണമായത്.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സായുധ പ്രതിഷേധമുണ്ടാകുമെന്ന എഫ്.ബി.ഐയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയില്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വാഷിംട്ണ്‍ ഡി.സിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാന്‍ ഒമ്പത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അമേരിക്കയില്‍ വീണ്ടും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. സായുധ പ്രക്ഷോഭത്തിലൂടെ വീണ്ടും ഒരു അട്ടിമറി നീക്കത്തിന് ശ്രമം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: YouTube suspends Donald Trump’s channel

We use cookies to give you the best possible experience. Learn more