പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍ മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം
Email: info@nrklegal.com
ചോദ്യം: അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തത് പുനഃസ്ഥാപിക്കാന്‍ യുട്യൂബിന്റെ നീക്കം. എന്തുചെയ്യണം?
ഞാന്‍ ഒമാനിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 3 യൂട്യൂബര്‍മാര്‍ എന്നെയും കുടുംബാങ്ങങ്ങളെയും അവഹേളിക്കുന്നതിനായി ഞങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഞങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് നിരന്തരമായി അവരുടെ യുട്യൂബ് വീഡിയോകളില്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്.
ആ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും യൂട്യൂബര്‍മാര്‍ വഴങ്ങാത്തതിനാല്‍ യുട്യൂബിനോടുതന്നെ ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നീക്കം ചെയ്യുകയുമുണ്ടായി. വീഡിയോ നീക്കം ചെയ്ത ഉടനെത്തന്നെ ഞങ്ങള്‍ പൊലീസിന് ഓണ്‍ലൈന്‍ ആയി പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ യുട്യൂബ് എനിക്ക് ഒരു നോട്ടീസ് അയച്ചിരിക്കുകയാണ്. അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ച യൂട്യൂബര്‍മാരില്‍ നിന്നും വിശദീകരണമടങ്ങിയ ഒരു കൗണ്ടര്‍ നോട്ടീസ് യൂട്യൂബിന് കിട്ടിയിട്ടുണ്ടെന്നും ആയതിനാല്‍ അവരുടെ യുട്യൂബ് ചാനലില്‍ നിന്നും നീക്കിയ ഉള്ളടക്കം പുനഃസ്ഥാപിക്കാതി രിക്കുന്നതിന് 10 US ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ മതിയായ കാരണം ബോധ്യപ്പെടുത്തണമെന്നും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മതിയായ കാരണം എന്നത് ആരോപണവിധേയരായ യൂട്യൂബര്‍മാര്‍ക്കെതിരെ നിയമനടപടിയോ കോടതി ഉത്തരവോ വേണമെന്നതാണ്. ഇല്ലങ്കില്‍ നീക്കിയ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കും. ഈ സാഹചര്യത്തില്‍ എന്തുചെയ്യണം?
നാസര്‍, മസ്‌കറ്റ്
ഉത്തരം: യൂട്യൂബിന്റെ നിര്‍ദ്ദേശം അനുസരിച്ചുള്ള നടപടികള്‍ ചെയ്തില്ലെങ്കില്‍ ഒഴിവാക്കിയ ഫോട്ടോകളും വീഡിയോകളും പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതിനാല്‍ ഉടനെത്തന്നെ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്ററെ ബന്ധപ്പെട്ട് പരാതിയില്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കണം. സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റര്‍ അനാസ്ഥ കാണിച്ചാല്‍ മേലുദ്യോഗസ്ഥര്‍ക്കും പരാതി കൊടുക്കാവുന്നതാണ്.
പോലീസ് വേണ്ടവിധത്തില്‍ നടപടി സ്വീകരിക്കുന്നില്ലങ്കില്‍ ക്രിമിനല്‍ നടപടിക്രമം 156(3) അനുസരിച്ച് സ്വകാര്യ അന്യായം മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്യാവുന്നതും മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഓഫീസര്‍ക്ക് അന്വേഷണം ആരംഭിക്കാവുന്നതാണ്.
ഇതിനുപുറമേ അപകീര്‍ത്തികരമായ ഉള്ളടക്കം വീഡിയോയില്‍ ഉള്‍പ്പെടുത്തിയതിന് സിവിലായും ക്രിമിനലായും യൂട്യൂബര്‍മാര്‍ക്കെതിരെ കോടതിനടപടികള്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ, പകര്‍പ്പവകാശ ലംഘനത്തിന് സിവില്‍ കോടതികളെയും സമീപിക്കാവുന്നതാണ്.
എന്തായാലും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ യൂട്യൂബിനെ സമയബന്ധിതമായി അറിയിക്കേണ്ടതാണ്. അപ്രകാരം ചെയ്തില്ലെങ്കില്‍ ഒഴിവാക്കിയ ഉള്ളടക്കങ്ങള്‍ യുട്യൂബ് പുനഃസ്ഥാപിക്കുന്നതാണ്.
അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com
എന്‍.ആര്‍.ഐ ലീഗല്‍ കോര്‍ണറില്‍ നേരത്തെ പ്രസിദ്ധീകരിച്ചവ ഇവിടെ വായിക്കാം
CONTENT HIGHLIGHTS: YouTube’s move to reinstate the removal of defamatory content. what to do