ന്യൂദൽഹി: ഹരിയാനയിലെ നൂഹിൽ യൂട്യൂബിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പശുസംരക്ഷക പ്രവർത്തകൻ മോനു മനേസർ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്തിരുന്നത് മുസ്‌ലിങ്ങളെ മർദിക്കുന്ന ദൃശ്യങ്ങൾ.
രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ഇയാൾക്ക് യൂട്യൂബ് സിൽവർ പ്ലേബട്ടൺ നൽകിയിരുന്നു. യൂട്യൂബിൽ ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് സിൽവർ പ്ലേബട്ടൺ ലഭിക്കുക.
രാജസ്ഥാൻ സ്വദേശികളായ നാസിർ, ജുനൈദ് എന്നിവരെ പശുവിനെ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ച കേസിലും പ്രതിയാണ് ഇയാൾ.
പശുവിനെ കടത്തുന്നുവെന്നും അറവുചെയ്യുന്നുവെന്നും സംശയിക്കുന്ന ആളുകളെ ക്രൂരമായി മർദിക്കുന്നത് ഇയാൾ മോനു മനേസർ ബജ്റങ്ദൾ എന്ന തന്റെ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്യാറുണ്ടായിരുന്നു.
പശുവിനെ കടത്തുന്നുവെന്ന് ആരോപിച്ച് ആളുകളെ ആക്രമിക്കുകയും അവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുന്നത് ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്ത് യൂട്യൂബിലും ഫേസ്ബുക്കിലും വലിയ ആരാധകവൃന്ദം തന്നെ ഇയാൾക്കുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ യൂട്യൂബ് ‘അംഗീകാര’വും തേടിയെത്തിയത്.
നിരവധി ആക്റ്റിവിസ്റ്റുകൾ ഇയാൾക്കെതിരെ രംഗത്ത് വന്നിട്ടും, യൂട്യൂബ് ഇയാളുടെ ചാനൽ പ്രക്ഷേപണം നിർത്താൻ തയ്യാറായില്ല. മോനു മനേസറിന്റെ പേരിലുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തെ തുടർന്ന് മാത്രമാണ് ഇയാളുടെ ചാനൽ അടച്ചുപൂട്ടിയത്.
ഹരിയാനയിലെ നൂഹിൽ നടക്കുന്ന ബജ്റങ്ദളിന്റെ റാലിയിൽ താൻ പങ്കെടുക്കുമെന്ന് പറഞ്ഞും ഇയാൾ യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിരുന്നു. റാലിയിൽ ഇയാൾ പങ്കെടുത്തിരുന്നില്ലെങ്കിലും കലാപത്തിന് ആഹ്വാനം നടത്തിയത് ഇയാളായിരുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ഇയാൾക്ക് പൊലീസ് സംരക്ഷണം നൽകിയെന്നും ആരോപണം ഉണ്ടായിരുന്നു. ഐ.ടി വകുപ്പിലെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പശു സംരക്ഷണ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുമ്പോഴും മോനു മനേസർ വീഡിയോ പോസ്റ്റ് ചെയ്യുന്നത് തുടർന്നിരുന്നു എന്നും ആരോപണമുണ്ട്.
Content Highlight: YouTube Rewarded Monu Manesar Who Broadcasted His Violent Assaults on Indian Muslims