ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പ് നല്‍കിയ വികസന വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന് മന്ത്രിയെ ചോദ്യം ചെയ്ത യുട്യൂബ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്. പ്രാദേശിക ബി.ജെ.പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
സഞ്ജയ് റാണ എന്ന മാധ്യമപ്രവര്‍ത്തകനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സെക്കന്ററി വിദ്യാഭ്യാസ മന്ത്രിയായ ഗുലാബ് ദേവി സംഭാലില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയായിരുന്നു റാണ മന്ത്രിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്ന മന്ത്രി പക്ഷേ ജയിച്ച ശേഷം അവ നടപ്പാക്കിയില്ലെന്ന് ചടങ്ങിനിടെ റാണ ചൂണ്ടിക്കാട്ടി.
ഗ്രാമത്തില്‍ പൊതു വിവാഹ മണ്ഡപമോ, നല്ല റോഡുകളോ വൃത്തിയുള്ള ശൗചാലയങ്ങളോ പോലുമില്ലെന്നും റാണ മന്ത്രിയോട് ചോദിക്കുന്നുണ്ട്. റാണയുടെ ചോദ്യത്തിന് പിന്നാലെ ഗ്രാമവാസികളും മന്ത്രിയോട് സമാന വിഷയങ്ങളെ കുറിച്ച് പരാതിപ്പെടുന്നതും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും ഗുലാബ് ദേവി പറഞ്ഞു. ഇതിന് പിന്നാലെ ബി.ജെ.പി യുവമോര്‍ച്ച നേതാവ് റാണയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
മന്ത്രിയുടെ പരിപാടി തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും മന്ത്രിയെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Youtube journalist arrested for questioning state minister over developement works in the village