സാന്‍ ഫ്രാന്‍സിസ്‌കോ: വാക്‌സിന്‍ വിരുദ്ധ പ്രചാരങ്ങള്‍ക്കെതിരെ നടപടിയുമായി യൂട്യൂബ്. ജോസഫ് മെര്‍ക്കോള, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതരുടെ ചാനലുകള്‍ യൂട്യൂബ് നീക്കം ചെയ്തു. ലോകമെമ്പാടുമുള്ള വാക്‌സിനേഷന്‍ നിരക്ക് മന്ദഗതിയിലാക്കുന്നു എന്ന കാണിച്ചാണ് യൂട്യൂബിന്റെ നടപടി.
ഗൂഗിളിന്റെ പുതിയ പോളിസികള്‍ പ്രകാരം വാക്‌സിന്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് വേദി നല്‍കേണ്ട എന്നാണ് യൂട്യൂബിന്റെ പുതിയ തീരുമാനം.
യൂട്യൂബില്‍ നിന്നും ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ കാരണം ഒട്ടേറെ ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യൂട്യൂബിലെ വാക്‌സിന്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ കാരണം യു.എസില്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ തോത് ഇടിഞ്ഞുവെന്നാണ് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ വാക്‌സിന്‍ സംബന്ധിച്ച വ്യാജ വിവരങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ രീതിയാണ് യൂട്യൂബും അവലംബിക്കുന്നത്.
ജോസഫ് മെര്‍ക്കോള, റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ എന്നിവരാണ് അമേരിക്കയില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. മെര്‍ക്കോള ഇതര വൈദ്യശാസ്ത്രങ്ങളുടെ വക്താവും റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രമുഖനായ അഭിഭാഷകനുമാണ്.
വാക്‌സിന്‍ സ്വീകരിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും അതുകൊണ് ആരും വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് ഇരുവരും പ്രചരിപ്പിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെയാണ് യൂട്യൂബ് നടപടികള്‍ സ്വീകരിക്കുന്നത്.
പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞെന്നും ആന്റി വാക്‌സിന്‍ പ്രവര്‍ത്തകരുടെ പല അക്കൗണ്ടുകളും ബുധനാഴ്ച മുതല്‍ ലഭിക്കുന്നില്ലെന്നും യൂട്യൂബ് വക്താവ് അറിയിച്ചു.