ചില യൂട്യൂബ് ചാനലുകൾ സമൂഹത്തിനു ശല്യം, നിയന്ത്രിക്കണം: മദ്രാസ് ഹൈക്കോടതി
India
ചില യൂട്യൂബ് ചാനലുകൾ സമൂഹത്തിനു ശല്യം, നിയന്ത്രിക്കണം: മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 10:02 am

ചെന്നൈ: യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം വേണമെന്ന നിർദേശവുമായി മദ്രാസ് ഹൈക്കോടതി. ചില യൂട്യൂബ് ചാനലുകൾ സമൂഹത്തിന് ശല്യമാകുന്നുണ്ടെന്നും അവ നിയന്ത്രിക്കപ്പെടണമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പലരും തങ്ങളുടെ സബ്സ്ക്രിപ്ഷൻ വർധിപ്പിക്കാൻ വേണ്ടി മാത്രം അപകീർത്തികരമായ ഉള്ളടക്കം സമൂഹത്തിനു നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഇത് സമൂഹത്തിന് ഭീഷണിയാണ്. ഇത്തരം ചാനലുകളെ നിയന്ത്രണവിധേയമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കണമെന്നും കോടതി നിരീക്ഷിച്ചു.

റെഡ് പിക്സ് യൂട്യൂബ് ചാനലിന്റെ ഉടമസ്ഥൻ ഫെലിക്സ് ജെറാൾഡ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി ജഡ്ജി കുമരേഷ് ബാബുവിന്റേതാണ് ഈ നിഗമനം.

1988 ലെ സ്ത്രീപീഡന നിരോധന നിയമപ്രകാരമാണ് പത്രപ്രവർത്തകൻ സവ്ക്കു ശങ്കറിനൊപ്പം യൂട്യൂബർ റെഡ് പിക്സ് ചാനൽ ഉടമ ഫെലിക്സ് ജെറാൾഡ് എന്നിവർക്കെതിരെ കേസെടുത്തത്.

റെഡ് പിക്‌സ് ചാനലിൽ ഫെലിക്സ് ജെറാൾഡ് നടത്തിയ അഭിമുഖത്തിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പത്രപ്രവർത്തകൻ സവ്ക്ക് ശങ്കർ ആരോപിച്ചിരുന്നു. ഇത്തിനു പിന്നാലെ സവ്ക്ക് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഫെലിക്സ് ജെറാൾഡ് മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്.

എന്നാൽ യൂട്യൂബ് ചാനലിൽ അഭിമുഖം നൽകുന്നവർ പലപ്പോഴും സമൂഹത്തിനു മോശമായ വിവരങ്ങൾ നൽകുകയും മോശം പരാമർശങ്ങൾ നടത്തുകയുമാണെന്ന് ജാമ്യാപേക്ഷയിൽ കോടതി പ്രതികരിച്ചു. അത്തരം അഭിമുഖങ്ങൾ നടത്തുന്ന അവതാരകരെയും ചാനൽ ഉടമകളെയും ഒന്നാം പ്രതിയായി കണ്ട് കേസ് എടുക്കണമെന്നും ജഡ്ജി കുമരേഷ് ബാബു പറഞ്ഞു .

ഹരജിക്കാരായ ജെറാൾഡിനും ശങ്കറിനുമെതിരെ കോയമ്പത്തൂർ സൈബർ ക്രൈം സെല്ലും കേസെടുത്തിരുന്നു. മെയ് നാലിനാണ് ഒന്നാം പ്രതിയായ ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനായി ജെറാൾഡിനെ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ലെന്ന് പൊലീസ് പറഞ്ഞു.

ഇതിനെയാണോ നിങ്ങൾ അഭിമുഖം എന്ന് പറയുന്നത് ? ഉത്തരം നൽകുന്നയാൾ ഒരു പ്രത്യേക രീതിയിൽ പ്രതികരിക്കുമെന്നും ചോദ്യകർത്താവിനു അതറിയാമായിരുന്നെന്നും പ്രസ്തുത ഉത്തരങ്ങൾ കേൾക്കാൻ വേണ്ടിയാണ് അത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചതെന്നും കോടതി വിമർശിച്ചു. സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്താൻ ജെറാൾഡ് ശങ്കറിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.

 

Content Highlight: YouTube channels are nuisance to society regulate them Madras high court