| Monday, 16th January 2023, 11:15 pm

ആനന്ദ് പട്‌വര്‍ധനന്റെ രാം കേ നാം ട്രെയ്‌ലറിന് 31 വര്‍ഷത്തിന് ശേഷം നിയന്ത്രണമേര്‍പ്പെടുത്തി യൂട്യൂബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുറത്തിറങ്ങി 31 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ആനന്ദ് പട്‌വര്‍ധനന്റെ ഡോക്യുമെന്ററി രാം കേ നാമിന്റെ ട്രെയ്ലറിന് പ്രായപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണമേര്‍പ്പെടുത്തി യൂട്യൂബ്. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് 31 വര്‍ഷത്തിന് ശേഷമാണ് രാം കേ നാമിന്റെ ട്രെയ്‌ലറിന് യൂട്യൂബിന്റെ ഏജ് റെസ്ട്രിക്ഷന്‍ ഏര്‍പ്പെടുത്തിയത്.

യൂട്യൂബ് നിയന്ത്രണം നല്‍കിയിരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആനന്ദ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ‘ഹിന്ദുത്വ ഗെയിം കളിക്കുന്നു. യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാം കി നാമിന് യൂട്യൂബില്‍ ഏജ് റെസ്ട്രിക്ഷന്‍ ലഭിച്ചിരിക്കുന്നു’ എന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് അനുയോജ്യമല്ല എന്നാണ് യൂട്യൂബ് പറയുന്നത്. ‘താങ്കളുടെ കണ്ടന്റ് ഞങ്ങള്‍ റിവ്യു ചെയ്തു. 18 വയസിന് താഴെയുള്ള കാഴ്ചക്കാര്‍ക്ക് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് പ്രകാരം ഈ വീഡിയോ അനുയോജ്യമല്ല. അതിനാല്‍ വീഡിയോക്ക് പ്രായപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. താങ്കളുടെ ചാനലിന് സട്രൈക്ക് നല്‍കിയിട്ടില്ല. യൂട്യൂബിലുള്ള ചില യൂസേഴ്‌സിന് താങ്കളുടെ വീഡിയോ ഇപ്പോഴും കാണാനാവും,’ എന്നാണ് യൂട്യൂബ് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.

1992ലാണ് ബാബ്‌റി മസ്ജിദ് ആക്രമണത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച രാം കേ നാം എന്ന ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനങ്ങള്‍ നടത്തുന്നതും ഒടുവില്‍ പൊളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിലുണ്ട്.

മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സേ ചെയ്തത് ശരിയായ കാര്യമാണെന്നും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്കെല്ലാം ഈ ഗതി വരുമെന്നും ട്രെയ്‌ലറില്‍ തീവ്രഹിന്ദുത്വവാദികള്‍ പറയുന്നുണ്ട്. ജയ് ശ്രീറാമെന്ന് ആക്രോശിച്ച് ആയുധങ്ങളുമായി ബാബ്‌റി മസ്ജിദിലേക്ക് കയറുന്ന തീവ്രഹിന്ദുത്വ വാദികളുടെ ദൃശ്യങ്ങളോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. ഡോക്യുമെന്ററി പുറത്തിറങ്ങിയത് മുതല്‍ ഡോക്യുമെന്ററിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

Content Highlight: YouTube bans Anand Patwardhan’s Ram Ke Naam trailer after 31 years

We use cookies to give you the best possible experience. Learn more