പത്തനംതിട്ട: കരകവിഞ്ഞൊഴുകിയ പത്തനംതിട്ട സീതത്തോടിലൂടെ കാട്ടുതടി പിടിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സീതത്തോടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഈ യുവാക്കള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും, ഇന്ന് ഉച്ചയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ കനത്ത മഴ പെയ്തതിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ഇതിനിടെയാണ് സീതത്തോടില്‍ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഇവര്‍ വനത്തില്‍ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകള്‍ ഷൂട്ട് ചെയ്തതും.
കൂറ്റന്‍തടി ഒഴുകിവരുന്നത് കണ്ടാണ് മൂവരും നദിയിലേക്ക് ചാടിയത്. നീന്തി തടിയുടെ പുറത്ത് കയറിയ യുവാക്കള്‍ തടി കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരമാണ് യുവാക്കള്‍ സഞ്ചരിച്ചത്. ഉറുമ്പനി വെള്ളച്ചാട്ടത്തിനടുത്തെത്തിയിട്ടു തടി കരക്കടുപ്പിക്കാനുള്ള ശ്രമം ഫലത്തിലെത്താത്തത് മൂലം അപകടം മുന്നില്‍കണ്ട യുവാക്കള്‍ കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.
സാഹസികത കാണിച്ച വീഡിയോ ഇവര്‍ തന്നെയാണ് നരന്‍ സിനിമയിലെ പാട്ടുമിട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ തന്നെ ഇത്തരം സാഹസികതകള്‍ വേണോ എന്ന തരത്തിലുള്ള വ്യാപക വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നത്.
Content Highlight: Youths who went to collect wood at ‘Naran Style’ in river were arrested