തൃശൂര്‍: മന്ത്രി വി.എസ് സുനില്‍കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. സുനില്‍ കുമാറിന്റെ അന്തിക്കാട്ടെ വീടിന് മുന്നിലേക്കായിരുന്നു രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് അന്തിക്കാട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കമ്യൂണിറ്റി കിച്ചന്‍ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കഞ്ഞിവെപ്പ് സമരം എന്ന പേരിലാണ് അഞ്ച് പേരടങ്ങുന്ന സംഘം പ്രതിഷേധ പ്രകടനവുമായി എത്തിയത്. വി.എസ് സുനില്‍ കുമാറിന്റെ വീടിന് മുന്‍പില്‍ കഞ്ഞി വെച്ചുകൊണ്ട് പ്രതിഷേധക്കാന്‍ ശ്രമിച്ചവരെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അന്തിക്കാട് എ.ഐ.വൈ.എഫിന്റേയും ഡി.വൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ നടത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ എന്തിനാണ് തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്ന് വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച അവിടെ കമ്യൂണിറ്റി കിച്ചന്‍ നടക്കുന്നു എന്ന് അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി ആരും അത്തരത്തില്‍ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശം താന്‍ കൊടുത്തിരുന്നെന്നും തന്റെ അറിവോടെയോ സമ്മതത്തോടേയോ കമ്യൂണിറ്റി കിച്ചന്‍ നടന്നിട്ടില്ലെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.
സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡത്തിന് വിരുദ്ധമായി സി.പി.ഐ ആയാലും സി.പി.ഐ.എം ആയാലും അടുക്കള നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. എന്റെ അറിവോ സമ്മതത്തോടോ കൂടി ആരും അടുക്കള നടത്താന്‍ പോയിട്ടില്ല. അതിന് ഞാന്‍ സമ്മതിക്കുകയും ഇല്ല.
ഞാന്‍ അറിയാത്ത കാര്യത്തിന് എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിട്ട് എന്താണ് കാര്യം. ഇതൊക്കെ വെറുതെ രാഷ്ട്രീയം കളിക്കുകയാണെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ