| Tuesday, 6th November 2018, 8:21 am

വാക്കുതര്‍ക്കം; ഡിവൈ.എസ്.പി. തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു: ഡി.വൈ.എസ്.പി ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്ന് അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കാര മുനിസിപ്പാലിറ്റിയിലും സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പി ഒളിവിലാണ്.

Read Also : ശബരിമല: പൊലീസ് മര്‍ദ്ദിക്കുന്നതായി അഭിനയിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച ആര്‍.എസ്.എസ് പ്രവത്തകന്‍ അറസ്റ്റില്‍; കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ്

കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡി.വൈ.എസ്.പി ബി. ഹരികുമാര്‍. ആ വീട്ടില്‍നിന്നുമിറങ്ങി കാര്‍ എടുക്കാനായെത്തിയപ്പോള്‍ വാഹനം കടന്നുപോകാനാകാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്കുചെയ്തിരുന്നു. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹരികുമാര്‍ സനലിനെ തള്ളിയിടുകയുമായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. റൂറല്‍ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest Stories

We use cookies to give you the best possible experience. Learn more