മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; ഇയാളുടെ കയ്യില്‍ നിന്ന് 36 ലക്ഷം പൊലീസ് പിടിച്ചെടുത്തു
Kerala News
മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; ഇയാളുടെ കയ്യില്‍ നിന്ന് 36 ലക്ഷം പൊലീസ് പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 5:28 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. മധുവിന്റെ പെങ്ങള്‍ സരസുവിനെ ഭീഷണിപ്പെടുത്തിയ ഷിഫാന്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചിണ്ടക്കിയിലെ ഒറ്റമൂലി വൈദ്യശാലയായ വള്ളിയമ്മ ഗുരുകുലത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മധു വധക്കേസിലെ പ്രതിയായ അബ്ബാസിന്റെ ഡ്രൈവറാണ് അറസ്റ്റിലായ ഷിഫാന്‍. പിടിയിലായ സമയത്ത് പ്രതിയുടെ കൈവശം 36 ലക്ഷം രൂപ ഉണ്ടായിരുന്നതിനായി പൊലീസ് പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്ത പണം പൊലീസ് പിടികൂടി.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ എത്തിച്ച പണമാണ് ഇതെന്നാണ് സംശയം. പ്രതികള്‍ സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കുന്നതായും തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും മധുവിന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.

അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് പരിഗണിക്കുമെന്ന് മണ്ണാര്‍ക്കാട്ടെ സ്‌പെഷ്യല്‍ കോടതി അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

പ്രതികള്‍ക്ക് 2018 ലാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. എന്നാല്‍, പ്രതികള്‍ ജാമ്യ ഉപാധികള്‍ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്ന് മുതല്‍ അതിവേഗ വിസ്താരം തുടങ്ങാനിരിക്കുകയായിരുന്നു. ദിവസം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം, ഏഴുപേരെ ഇന്ന് വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്.

ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

2018 ഫെബ്രുവരി 22നായിരുന്നു മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മധു വധക്കേസില്‍ 122 സാക്ഷികളാണുള്ളത്.

Content Highlight: Youth who threatened Madhu’s family Arrested; seized 36 lakh rupees