തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരങ്ങളും തടയാനുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമായി മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്.
നിലവിലെ മാട്രിമോണിയല്‍ രീതികളില്‍ നിന്ന് വ്യത്യസ്തമായി ”മനുഷ്യ മൂല്യങ്ങളെ മുന്‍നിര്‍ത്തി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നതാണ്’ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതയെന്ന് യുവജനക്ഷേമ ബോര്‍ഡ് വ്യക്തമാക്കി.
ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്‌കൂളുകളില്‍ ശാസ്ത്രപ്രശ്‌നോത്തരിയും സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ തലത്തില്‍ പ്രാഥമിക മത്സരവും തുടര്‍ന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജില്ലാ-സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും.
അതേസമയം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ആഭ്യന്തര-നിയമവകുപ്പുകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
വിഷയത്തില്‍ പൊതുജനാഭിപ്രായവും തേടും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ കൊണ്ടുവരാന്‍ സാധിക്കുമോയെന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.
പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ സമൂഹത്തില്‍ നിന്നുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വളരെ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍വകക്ഷി യോഗം ഉള്‍പ്പെടെ വിളിച്ചേക്കും.
ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നത് സര്‍ക്കാര്‍ വീണ്ടും സജീവമായി പരിഗണിക്കുന്നത്. എന്നാലിത് മതപരമായ കാര്യമായി വ്യാഖ്യാനിച്ച് ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മാണം വേണമെന്ന അഭിപ്രായമാണ് സി.പി.ഐ.എമ്മിനുമുള്ളത്. അനാചാരങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണമെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും നിയമ നിര്‍മാണത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കാന്‍ അടിയന്തര നിയമനിര്‍മാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം കൊണ്ടുവരാന്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Youth Welfare Board with Matrimonial Platform Against Superstition