കോഴിക്കോട്: എസ്.പി.സി യൂണിഫോമില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ പി.കെ. ഫിറോസ്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ എന്ന് അദ്ദേഹം പറഞ്ഞു.
പട്ടാളത്തിലും പൊലീസിലും സിഖുകാര്‍ക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാര്‍ക്ക് താടിവെക്കാന്‍ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്’ സ്റ്റുഡന്റസ് പൊലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘപരിവാറിന്റെ വിഘടന, വര്‍ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാള്‍ വലിയ വര്‍ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സി.പി.ഐ.എം എന്നും അദ്ദേഹം ചോദിച്ചു.
‘മതേതരത്വമെന്തെന്ന് നിര്‍വചിക്കാനുള്ള അധികാരം സി.പി.ഐ.എമ്മിനുണ്ട്. പക്ഷേ ആ നിര്‍വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശിപിടിക്കാന്‍ പാടില്ല.
എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.ഐ.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കില്‍ മാത്രം കൊള്ളുകയും ചെയ്യുന്ന തലശ്ശേരി കുഞ്ഞിരാമന്‍ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല,’ പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയയയും നജ്മ തബ്ഷീറയും പറഞ്ഞിരുന്നു.
സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
എസ്.പി.സി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും എസ്.പി.സി യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ത്ഥിയുടെ ഹരജി.