| Thursday, 14th May 2015, 3:16 pm

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റ് മെയ് 16 മുതല്‍ 18 വരെ കോഴിക്കോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്‍ മെയ് 16, 17, 18 തീയതികളില്‍ കോഴിക്കോട് നളന്ദയില്‍ നടക്കും. സ്വതന്ത്ര ചലച്ചിത്രകാരനായ സ്റ്റാലിന്‍.കെ ഫെസ്റ്റിവലിന്റെ ഉദ്ഘാടകന്‍. ശ്രീഹരി സാഥേ സംവിധാനം ചെയ്ത മറാത്തി ചലച്ചിത്രം ഏക് ഹസാരാചി നോട്ട് ആണ് ഉദ്ഘാടന ചിത്രം.

സമകാലിക സാഹചര്യങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് Nationaltiy Sign in, Sign out എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ഫെസ്റ്റിവല്‍. പ്രമേയത്തിലൂന്നി നില്‍ക്കുന്ന തീം പേക്കേജ്, മേളയോടനുബന്ധിച്ചു നടക്കുന്ന ഷോട് ഫിലിം, ഡോകുമെന്ററി മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ എന്നിവയാണ് മേളയിലെ മുഖ്യമായ വിഭാഗങ്ങള്‍.

കൂടാതെ India Unmasked എന്ന പ്രത്യേക വിഭാഗത്തില്‍ ചില ഫീച്ചര്‍ ചിത്രങ്ങളും, ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. പശ്ചിമ ബംഗാളിലെ മുതിര്‍ന്ന മീഡിയാ, സിനിമാ ആക്ടിവിസ്റ്റ് സൗമിത്ര ദസ്തിദാര്‍ ആണ് മേളയുടെ ഡയറക്ടര്‍.

റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ സ്റ്റാലിന്‍. കെയുടെ Lesser Humans, Our Water Our Future, India Untouched എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവല്‍ ഡയറക്ടേഴ്‌സ് പാക്കേജില്‍ സൗമിത്ര ദസ്തിദാറിന്റെ Blue Print, My Days with Maoist Army, Musalmanar Katha എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

മേളയില്‍ പേരറിവാളന്റെ കഥ പറയുന്ന The Gallows എന്ന ഡോകുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ഓപണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more