തിരുവനന്തപുരം: തങ്ങള്‍ ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണെന്ന് സംസ്ഥാന വ്യാവസായികവകുപ്പ് മന്ത്രി പി. രാജീവ്. ‘കേരള സര്‍.. 100% ലിറ്ററസി സര്‍’എന്ന പരിഹാസത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യെ ശബ്ദമുയര്‍ത്തിയ ചെറുപ്പക്കാരും ഷോക്കേസ് ചെയ്യുന്നത് കേരളത്തെയാണെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയില്‍ സര്‍ക്കാരുകള്‍ വരും പോകുമെന്നും പക്ഷേ നമുക്കൊന്നിച്ച് ഈ നാടിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേര്‍ത്തു.
3000 പേരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് ഐ.ബി.എമ്മിനോട് ചോദിച്ചപ്പോള്‍, സംസ്ഥാനത്തെ ചെറുപ്പക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് അസാധ്യമായ ടൂളുകള്‍ കണ്ടെത്തിയെന്ന് മറുപടി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
അതില്‍ ഒന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്ന എ.ഐ ടൂളും മറ്റൊന്ന് ഡെല്‍റ്റ എയര്‍ലൈന്‍ ഉപയോഗിക്കുന്ന ടൂളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്രയ്ക്കും പൊട്ടന്‍ഷ്യല്‍ മലയാളികളായ ചെറുപ്പക്കാര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് കിന്‍ഫ്ര പാര്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കേരളത്തിലേക്ക് കൂടുതല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അദാനിയുടെ 1000 കോടിയുടെ ലോജിസ്റ്റിക് പാര്‍ക്കാണ് എറണാകുളത്തെ എച്ച്.എം.ടിയുടെ സ്ഥലത്ത് വരുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ ലോജിസ്റ്റിക് കമ്പനിയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പെനറ്റോണി. കൊച്ചിയില്‍ 100 ഏക്കര്‍ ഭൂമിലാണ് പെനാറ്റോണി ലോജിസ്റ്റിക് പാര്‍ക്ക് നിര്‍മിക്കാന്‍ പോകുന്നതെന്നും മന്ത്രി അറിയിച്ചു.
അങ്കമാലി എയര്‍പോര്‍ട്ടിന് സമീപത്തുള്ള പാറക്കടവ് ഗ്രാമത്തില്‍ അഞ്ചര ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ലോജിസ്റ്റിക് പാര്‍ക്ക് വരുന്നുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായുള്ള അവിഘ്നയുടേതാണ് പാര്‍ക്കെന്നും മന്ത്രി പറഞ്ഞു. പഴയ ജി.ടി.എന്നും ലോജിസ്റ്റിക് കമ്പനിയായി തിരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വലിയ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളതെന്നും പോസിറ്റിവായ മാറ്റങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlight: Youth showcase Kerala with raised their voice against ‘100% literacy sir’ mockery: P. Rajeev