| Friday, 21st August 2020, 4:38 pm

പി.എസ്.സി വിവാദം, യുവനേതാക്കള്‍ പ്രതികരിക്കുന്നു

രോഷ്‌നി രാജന്‍.എ

പി.എസ്.സി വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് പി.എസ്.സിക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നിയമനങ്ങളിലെ അനിശ്ചിതാവസ്ഥ, താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍, തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ എന്നീ കാര്യങ്ങളിലാണ് പ്രധാനമായും പരാതികള്‍ ഉയരുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിയമനങ്ങളുമായി ബന്ധപ്പെട്ട് പി.എസ്.സി ഇത്തവണ ഏറെ മുന്നിലാണെന്നും പറഞ്ഞുകൊണ്ട് സര്‍ക്കാറും രംഗത്തുവന്നിരിക്കുകയാണ്.

വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, വനം, ഫിഷറീസ് തുടങ്ങി സര്‍ക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലെ വ്യത്യസ്ത തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ അനിശ്ചിതത്വമുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്നത്.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാതെ പല വകുപ്പുകളിലും ഒളിച്ചുകളി തുടരുകയാണെന്ന് ആരോപിച്ച് കൊല്ലത്ത് എല്‍.ഡി.സി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് രംഗത്തിറങ്ങുകയും പല സ്ഥാപനങ്ങളിലും കയറിയിറങ്ങി ഒഴിവുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നത് നിരവധി ഒഴിവുകളാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. നിയമനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നില്ലെന്ന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രതിനിധി ശരത് കുമാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു. സിവില്‍ പൊലീസ് ഒഫീസര്‍, എല്‍.ഡി ക്ലാര്‍ക്ക്, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റെറി അധ്യാപകര്‍, നഴ്‌സ്, ഡോക്ടര്‍ തുടങ്ങി ഒട്ടനവധി തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതിയെക്കുറിച്ചും ശരത് കുമാര്‍ പറഞ്ഞു.

സിവില്‍ ഒഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുന്നൂറോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കളക്ടറേറ്റിന് മുന്നിലുള്ള ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ഇവരില്‍ നാല് പേര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ പലവിധം പരാതികളുമായി മുന്നോട്ട് വന്ന സാഹചര്യത്തില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള യുവരാഷ്ട്രീയ നേതാക്കള്‍ പി.എസ്.സി വിവാദവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയാണ്. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥ്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ പി.എസ്.സി വിവാദത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണം; എ.വൈ.എഫ്.ഐ

കൊവിഡ് പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാണ് എ.വൈ.എഫ്.ഐയുടെ നിലപാടെന്ന് എ.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പി.എസ്.സിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പലതും അടിസ്ഥാനരഹിതമാണെന്ന് മഹേഷ് കക്കത്തില്‍ പറയുന്നു. സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുന്നില്ലെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്നും തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൊവിഡ് കാലത്താണ് അനിശ്ചിതാവസ്ഥയുണ്ടായതെന്നുമാണ് മഹേഷ് കക്കത്തില്‍ അഭിപ്രായപ്പെടുന്നത്.

‘ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ ഗവണ്‍മെന്റില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ നിയമനങ്ങള്‍ നടക്കുകയും ആയിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുകൊണ്ട് നിയമനങ്ങള്‍ കൃത്യമായി നടക്കാത്ത സാഹചര്യം ഉണ്ടാവുന്നുണ്ടെന്നാണ് സര്‍ക്കാറിനെതിരെ പലരും ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഒട്ടുമിക്ക വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്’.

‘പി.എസ്.സിയുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് തന്നെ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച ഒരു വിഷയം കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രയാസങ്ങളെ കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും ദീര്‍ഘിപ്പിക്കണം എന്നുള്ളതാണ്. നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പെട്ടന്നുതന്നെ ജോലി ലഭിക്കുന്നതിനാവശ്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്ന ആവശ്യവും എ.ഐ.വൈ.എഫ് മുന്നോട്ടുവെക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം എന്ന് പറയുന്നത് ഗുണകരമായ രീതിയിലല്ല ഉണ്ടായിട്ടുള്ളത്. ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യത്തില്‍ പലപ്പോഴും അനിശ്ചിതത്വം നേരിട്ടിട്ടുണ്ട്’,മഹേഷ് കക്കത്തില്‍ പറയുന്നു.

ലിസ്റ്റ് നീട്ടുക എന്നത് സാധാരണയായി ഒരു സംഘടനയുടെ മുഖ്യആവശ്യമായി ഉയര്‍ന്നുവരുന്ന കാര്യമല്ലെന്നും എന്നാല്‍ കാലാവധിക്കുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാതിരിക്കുക, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുക, പുതിയ വിജ്ഞാപനം വരുന്നതിന് കാലതാമസമെടുക്കുക എന്നീ കാര്യങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കേണ്ടി വരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എസ്.സിക്കു നേരെയുണ്ടാവുന്ന പരാതികളുടെ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടികൊടുക്കുന്നതില്‍ തെറ്റില്ല എന്നതാണ് എ.ഐ.വൈ.എഫിന്റെ നിലപാടെന്നും മഹേഷ് കക്കത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് വലിയ അനാസ്ഥ; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം പി. എസ്. സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് പി.കെ ഫിറോസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പി.എസ്.സിക്കെതിരെ നേരത്തേയുണ്ടായ വിവാദങ്ങള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ പി.എസ്.സിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ക്ക് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദം നമുക്കറിയാമല്ലോ, പഠിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ അവസരങ്ങളെ ഇല്ലാതാക്കിക്കൊണ്ടാണ് ഇത്തരത്തിലുള്ളവര്‍ ഭരണകൂടത്തിന്റെ സഹായത്തോടെ അട്ടിമറി നടത്തി റാങ്ക് ലിസ്റ്റില്‍ ഇടം നേടുന്നത്. ഈ വിഷയങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.

ലൈബ്രറി കൗണ്‍സിലില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ്. എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനുഭൂഷന്‍ എന്ന വ്യക്തിക്ക് താല്‍ക്കാലികമായി നിയമനം നല്‍കുകയും പിന്നീട് സര്‍ക്കാര്‍ അത് സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റൂള്‍ 39 പ്രകാരമാണ് അന്ന് മനുഭൂഷന് നിയമനം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത് പ്രത്യേക സാഹചര്യങ്ങളില്‍ നടത്തുന്ന നിയമനങ്ങളാണ്. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വാരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്കെല്ലാം റൂള്‍ 39 പ്രകാരമാണ് ജോലി നല്‍കിയത്.

ഈ നിയമനസാധ്യത ഉപയോഗിച്ച് എങ്ങനെയാണ് മനുഭൂഷന് ജോലി ലഭിക്കുന്നത് എന്നത് ഞാന്‍ നേരത്തേയും ഉന്നയിച്ചിട്ടുള്ള ചോദ്യമാണ്. മതിയായ വിദ്യാഭ്യാസയോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്സില്‍ സ്ഥിരപ്പെടുത്തിയ വിവാദം നിലനിന്നപ്പോഴും ഈ സര്‍ക്കാര്‍ കാര്യമായ ഒരന്വേഷണവും അക്കാര്യത്തില്‍ നടത്തിയിരുന്നില്ല. ഇതിനൊന്നും ഒരന്വേഷണവും വേണ്ട എന്ന നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം എടുത്തിട്ടുമുള്ളത്, പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

വിമര്‍ശനങ്ങള്‍കൊണ്ട് പുകമറ സൃഷ്ടിക്കാതെ വസ്തുതകള്‍ പരിശോധിക്കുകയാണ് വേണ്ടത്;ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

പി.എസ്.സിയില്‍ കൃത്യമായ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പരീക്ഷ കൃത്യമായി നടക്കുന്നുണ്ടെന്നുമാണ് വിവാദങ്ങള്‍ക്ക് മറുപടിയായി എ.എ റഹീം പറയുന്നത്.

‘കൊവിഡിന്റെ പശ്ചാത്തലത്തില്‍ പോലും പതിനായിരത്തോളം നിയമനങ്ങള്‍ നടന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഒഴിവിന് ആനുപാതികമായിട്ടല്ല. ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ ആളുകളേക്കാള്‍ കൂടിയ എണ്ണം റാങ്കുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മുന്‍പെല്ലാം റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ തന്നെ മറ്റ് കാരണങ്ങളാല്‍ പുറത്തുപോവുമായിരുന്നു. അതുവഴി ലിസ്റ്റില്‍ പുറകിലുള്ളവര്‍ക്ക് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ പുറത്തുപോവുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്.

യു.ഡി.എഫാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് വെറുതെ വിചാരിക്കുക, ഒരു ഉദാഹരണം പറയുകയാണെങ്കില്‍, എല്‍.പി, യു.പി തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കൊന്നും ജോലി ലഭിക്കുമായിരുന്നില്ല. സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍
ഉണ്ടാവുമായിരുന്നില്ല. നിലവിലുള്ള അധ്യാപകര്‍ക്കുപോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യമായിരിക്കും ഉണ്ടാകുക.
പി.എസ്.സി വഴി നിരവധി പേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിഞ്ഞു എന്നത് എല്‍.ഡി.എഫ് വന്നതുകൊണ്ടു മാത്രം ഉണ്ടായ മാറ്റമാണ്. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ നാല്‍പതിലധികം തസ്തിക റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഈ തസ്തികയിലേക്ക് നിരവധി പേര്‍ക്കാണ് ഇതിനോടകം നിയമനവും നടന്നു കഴിഞ്ഞിട്ടുണ്ട’്. റഹീം പറഞ്ഞു. ജോലി ലഭിക്കുമെന്ന് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒഴിവുകള്‍ക്ക് ആനുപാതികമായിട്ടല്ല കേരളത്തില്‍ റാങ്ക് ലിസ്റ്റുകള്‍ ഇടുന്നത് എന്നാണ് ഇവര്‍ മനസ്സിലാക്കേണ്ടത്, റഹീം കൂട്ടിച്ചേര്‍ത്തു.

പി.എസ്.സി ലിസ്റ്റ് നീട്ടേണ്ടത് മാനുഷികപരിഗണന; ഇടത് യുവജന സംഘടനകള്‍ സര്‍ക്കാരിനെ ന്യായീകരിക്കുകയാണ്; കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥ്

ഇടത് യുവജന സംഘടനകള്‍ക്ക് യുവാക്കളെയും ഉദ്യോഗാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാനുള്ള ഊര്‍ജം പോലും ഇല്ലാതായിരിക്കുകയാണെന്നാണ് കെ.എസ് ശബരീനാഥ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൊവിഡ് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ ലിസ്റ്റ് നീട്ടേണ്ടത് മാനുഷിക പരിഗണനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.എസ്.സിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ നടക്കാത്തതുകൊണ്ടാണ് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ഉയരുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പതിനൊന്ന് തവണ ലിസ്റ്റ് നീട്ടിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ചതിന്റെ പേരില്‍ മൂന്നാലു മാസമാണ് സിവില്‍ പൊലീസ് ഓഫീസറുടെ ലിസ്റ്റില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടക്കാതിരുന്നത്. ഇത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
പി.എസ്.സിയില്‍ എത്ര പേര്‍ക്ക് നിയമനം കിട്ടി എന്നത് സംബന്ധിച്ച് സര്‍ക്കാരിന് പോലും വ്യക്തതയില്ല. ഏറെ വിവാദങ്ങളുണ്ടാക്കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ജോലി കിട്ടിയവരുടെ എണ്ണത്തില്‍ പോലും വ്യക്തതയില്ല. ഇതില്‍ മുഖ്യമന്ത്രി പറയുന്ന കാര്യമല്ല പി.എസ്.സി ചെയര്‍മാന്‍ പറയുന്നത്, ശബരീനാഥ് പറയുന്നു.

പി.എസ്.സി വിവാദത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള നോതാക്കള്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിക്കുകയും, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more