മലപ്പുറം: നൂറ്റാണ്ടു കണ്ട മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങിനായി വ്യത്യസ്തമായൊരു ധനസമാഹരണ രീതിയുമായി യുവാവ്. മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയും നാടന്‍ കലാകാരനുമായ നിജില്‍ കുമാറാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങിനായി തിറകെട്ടിയാടിയത്.
പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ മൂസ ഹാജിയാണ് തിറ ഭഗവതിയെ നിജിലിന്റെ തലയിലേക്ക് സമര്‍പ്പിച്ചത്. ജാതി മത ചിന്തകള്‍ക്കതീതമായൊരു കാഴ്ച കൂടിയായിരുന്നു അത്.
പതിനയ്യായിരം രൂപയാണ് ഒറ്റ ദിവസം കൊണ്ട് പതിനാല് കിലോമീറ്റര്‍ കാല്‍നടയായി കെട്ടിയാടി സംഘം സമാഹരിച്ചത്. തിറ നിജിലിന് പാരമ്പര്യമായി കിട്ടിയതും തന്റെ തൊഴിലിന്റെ ഭാഗവും കൂടിയാണ്. പാരമ്പര്യ കലയെ അവഹേളിക്കരുത് എന്ന ശബ്ദം ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നെങ്കിലും സ്വന്തം തീരുമാനത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയായിരുന്നു നിജില്‍.
തനിക്ക് ജീവിതമാര്‍ഗ്ഗവും പാരമ്പര്യവുമായ തിറയെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങിനായി സമര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിജില്‍ പറയുന്നു. ഇസ്‌ക്ര, രുദ്രതാണ്ഡവം എന്നീ കലാ കൂട്ടായ്മയിലെ സുഹൃത്തുക്കളും സംഘത്തിലുണ്ടായിരുന്നു. സമാഹരിച്ച തുക ബുധനാഴ്ച ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.