പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; പ്രതിഷേധ കൊടുങ്കാറ്റുമായി യുവജനസംഘടനകള്‍
Kerala
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; പ്രതിഷേധ കൊടുങ്കാറ്റുമായി യുവജനസംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th March 2012, 1:29 pm

ചിത്രങ്ങള്‍: രാംകുമാര്‍

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ വ്യാപക പ്രതിഷേധം. പ്രഖ്യാപനം പുറത്തുവന്നയുടന്‍ തിരുവനന്തപുരത്തും കണ്ണൂരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി.

ഡി.വൈ.എഫ്.ഐ കരിങ്കൊടികളുമായി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് നടത്തി. ഇവര്‍ കെ.എം മാണിയുടെ കോലം കത്തിച്ചു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ അല്പസമയത്തിനും എ.ഐ.വൈ.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

എന്നാല്‍ പെന്‍ഷന്‍ പ്രായം 56 ആക്കി സ്ഥിരീകരിച്ച തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുക സാധ്യമല്ലെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം നിയമസഭാഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സര്‍ക്കാര്‍ കൈക്കൊണ്ട വിരമിക്കല്‍ ഏകീകരണ തീരുമാനത്തിന്റെ ഫലമായിട്ടാണ് ഈ സ്ഥിതിയുണ്ടായത്. മുന്‍ സര്‍ക്കാര്‍ ഫലത്തില്‍ 56 വയസാക്കിയത് ഈ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയായിരുന്നുവെന്നും മാണി പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ട് യുവാക്കള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും യുവാക്കളുടെ തൊഴില്‍ സംരക്ഷണ നടപടികള്‍ കൂടി ബജറ്റില്‍ പറഞ്ഞിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

2012 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിന് ആനുപാതികമായി അത്രയും പേരെ പി.എസ്.സി.ക്ക് അഡ്‌വൈസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്‌ടെന്നും മാണി ചൂണ്ടിക്കാട്ടി.

അതിനിടെ, ബജറ്റില്‍ തങ്ങളുടെ മണ്ഡലങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെകണ്ട് അതൃപ്തി അറിയിച്ചു.  മുസ്‌ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ ഘടകകക്ഷികള്‍ക്ക് വാരിക്കോരി കൊടുത്തെന്നും ഇവര്‍ ആരോപിച്ചു.

Malayalam News

Kerala News In English