|

കോട്ടയത്ത് യുവാവിന്റെ കൊലപാതകം; പിന്നില്‍ ജില്ലയില്‍ മേധാവിത്വം സ്ഥാപിച്ചെടുക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവം എതിരാളികളുടെ താവളം കണ്ടെത്താനെന്ന് പ്രതി ജോമോന്റെ മൊഴി. ഷാനിനെ കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നും മറിച്ച് എതിര്‍ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനായിരുന്നെന്നും ജോമോന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

ജോമോന്‍ കോട്ടയത്ത് തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയത് എന്ന് കോട്ടയം എസ്.പി ഡി. ശില്‍പ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷാനെ മര്‍ദിക്കുകയായിരുന്നു ലക്ഷ്യം, എന്നാല്‍ യുവാവ് മരിക്കുകയായിരുന്നു. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ് എന്നും എസ്.പി അറിയിച്ചു. കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് വിലയിരുത്തല്‍, സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി സംശയമുണ്ട്. ഇതുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും എസ്.പി പറഞ്ഞു.

ഗുണ്ടാ സംഘത്തിലെ സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മര്‍ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാള്‍ പറഞ്ഞതെന്നും ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഷാനിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരില്‍ കേസുകളുമില്ല. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോന്‍ ഷാനിനെ ഉന്നമിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഷാന്‍ ബാബുവിനെ കഴിഞ്ഞ ദിവസം രാത്രി 9.30 ന് കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പുലര്‍ച്ചെ 1.30ന് ഷാനിന്റെ മാതാവും സഹോദരിയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കവേയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മൃതദേഹം കോട്ടയം ഈസ്റ്റ് സ്റ്റേഷന് മുന്നില്‍ നിന്ന് കിട്ടിയത്.

ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോട് ഷാനിനെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ജോമോന്‍ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: youth murdered in Kottayam; Establishing dominance in the Kottayam district