തിരൂര്‍: മലപ്പുറം തിരൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്. യാസറും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍.പി സ്‌കൂള്‍ മൈതാനത്ത് സ്ഥിരമായി കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്.
എന്നാല്‍ തൊട്ടടുത്ത വീട്ടിലെ പുരക്കല്‍ അബൂബക്കര്‍ എന്നയാളും മക്കളും കൂട്ടം കൂടിയിരിക്കരുതെന്ന് യാസറിനും സുഹൃത്തുക്കള്‍ക്കും നിരവധി തവണ താക്കീത് നല്‍കിയിട്ടുണ്ട്.
സംഘര്‍ഷം നടന്ന രാത്രിയിലും ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുണ്ടായ തര്‍ക്കമാണ് യാസറിന്റെ മരണത്തില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആ സമയം അവിടെ നിന്ന് മടങ്ങിപ്പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നീട് സംഘടിച്ചെത്തി വെല്ലുവിളി നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഇരു വിഭാഗങ്ങളും ആയുധങ്ങളുമായി ഏറ്റുമുട്ടി.
യാസര്‍ അറഫാത്തിനും അബൂക്കറിന്റെ മക്കളായ ഷമീം, സഹോദരന്‍ സജീഫ് എന്നിവര്‍ക്കും മാരകമായി വെട്ടേറ്റിറ്റുണ്ട്. ഗുരുതരമായി പരിക്കേറ്റ യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യാസര്‍ അറഫാത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Youth Murdered In Malappuram