| Monday, 26th July 2021, 10:48 am

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.

യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളെ ലീഗ് ഓഫീസിലിട്ട് പൂട്ടിയത്. പഞ്ചായത്തംഗം അനീസിനെ മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കോയ രണ്ട് മാസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് സുഹറാബിയ്ക്കായിരുന്നു പഞ്ചായത്തിന്റെ ചുമതല നല്‍കിയിരുന്നു. ഇവരെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനുള്ള ലീഗ് പ്രദേശിക നേതൃത്വത്തിന്റെ തീരു മാനത്തിനെതിരെയാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംവരണത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ജനറല്‍ കാറ്റഗറയില്‍പ്പെടുന്ന പഞ്ചായത്തില്‍ കൂടി ഒരു വനിതയെ പ്രസിഡന്റ് ആക്കേണ്ടതില്ലെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ അനീസിനെ പ്രസിഡന്റാക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ വിസമ്മതിക്കുന്നതാണ് തര്‍ക്കത്തിലേക്ക് എത്തിയത്. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Youth league workers locked League leaders in scuffle related to Panchayath election Malappuram

We use cookies to give you the best possible experience. Learn more