റോഡിലെ കുഴി: യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കും
Kerala News
റോഡിലെ കുഴി: യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th August 2022, 5:43 pm

കൊച്ചി: നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

‘ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയില്‍ വീണ് സ്‌കൂട്ടര്‍ രണ്ടായി പിളര്‍ന്നു. നടപടി എടുക്കേണ്ട അധികാരികള്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്. വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരില്‍ സൈബര്‍ സഖാക്കള്‍ തെറി പറയരുത്,’ പി.കെ. ഫിറോസ് പറഞ്ഞു.

അതേസമയം, കാലാവസ്ഥയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്നായിരുന്നു വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം. റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ച് റോഡ് നിര്‍മാണത്തിന് സൂപ്പര്‍വൈസറി ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മീഡിയ വണ്‍ ടി.വിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ അറിയിക്കാനുള്ള സംവിധാനം കേരളത്തിലില്ലെന്നും ഇതില്‍ ഇടപെടാന്‍ പി.ഡബ്ല്യു.ഡിക്ക് ആകില്ലെന്നും റിയാസ് വ്യക്തമാക്കി.പരിപാലന കാലാവധി കഴിഞ്ഞാല്‍ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് 3 ലക്ഷം കിലോമീറ്റര്‍ റോഡ് ഉണ്ട്. അതില്‍ 30000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. മഴയില്ലാത്ത സമയത്ത് റോഡ് അറ്റക്കുറ്റപ്പണി നടക്കുന്നുവെന്ന് ഉറപ്പാക്കും.

റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

CONTENT HIGHLIGHT: Muslim Youth League will protest by planting bananas across the state