| Wednesday, 31st July 2019, 9:02 pm

കഴിയില്ലെങ്കില്‍ രാജിവെക്കണം; മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍. വഹാബ് രാജിവെക്കണമെന്ന് മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.

നിര്‍ണായകസമയത്ത് പാര്‍ലമെന്റില്‍ എം.പിമാര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്ന് മുഈന്‍അലി ന്യൂസ് 18 നോട് പറഞ്ഞു.

‘ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എം.പിമാരെ അങ്ങോട്ട് പറഞ്ഞയക്കുന്നത്. എത്രയോ സമയമുണ്ടായിട്ട് അവിടെ എത്താതിരുന്നത് അംഗീകരിക്കാനാവില്ല. സംഘടനയുടെ നിലപാട് പറയാന്‍ അത് വഴി കഴിഞ്ഞില്ല. അതിന്റെ പൂര്‍ണ്ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്. വലിയ പ്രയാസത്തിലാണ് പാര്‍ട്ടി അതിനെ കാണുന്നത്, ഇങ്ങനെ വിഷയം വരുമ്പോള്‍ അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടത്.’


ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സമയത്ത് ലീഗ് എം.പിമാര്‍ കൃത്യവിലോപം കാണിക്കുന്ന സംഭവങ്ങള്‍ തുടരുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.

പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാല്‍ ലീഗിന്റെ ഏക രാജ്യസഭാ എം.പിയായ പി.വി അബ്ദുല്‍ വഹാബിന് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കാനായിരുന്നില്ല. സഭയിലില്ലാത്തതിനെത്തുടര്‍ന്ന് അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം എത്തിയത്.

ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് എത്തിയില്ല.

ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിക്കാതെ വന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്. എന്‍.ഡി.എ ഘടകകക്ഷികളായ ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ കക്ഷികളും ടി.ആര്‍.എസ്, ടി.ഡി.പി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്സഭയില്‍ ബില്‍ പാസായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more