വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേരെകൂടി സസ്‌പെന്റ് ചെയ്ത് യൂത്ത് ലീഗ്; തടയാതിരുന്നവര്‍ക്കെതിരെ നടപടി
Kerala News
വിദ്വേഷ മുദ്രാവാക്യം; അഞ്ച് പേരെകൂടി സസ്‌പെന്റ് ചെയ്ത് യൂത്ത് ലീഗ്; തടയാതിരുന്നവര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 9:07 pm

കോഴിക്കോട്: വിദ്വേഷ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് കടുത്ത നടപടികള്‍ സ്വീകരിച്ച് യൂത്ത് ലീഗ്. മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് പ്രവര്‍ത്തകരെ യൂത്ത് ലീഗ് സസ്‌പെന്റ് ചെയ്തതായി സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഫവാസ്, അജ്മല്‍, അഹ്മദ് അഫ്‌സല്‍, സാബിര്‍, സഹദ് എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ. മാഹിന്‍, സി.കെ. മുഹമ്മദലി എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെടുത്തിയവരല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനസംഘടിപ്പിക്കാന്‍ നേതൃത്വം തൂരുമാനിച്ചിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്ദുള്‍ സലാമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ. മാഹിന്‍, സി.കെ മുഹമ്മദലി എന്നിവരെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നത്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്.