മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഹിന്ദുക്കളെ വന്ധ്യംകരിക്കാന്‍ ചായയില്‍ മിശ്രിതം ചേര്‍ക്കുന്നു; വിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്
കോഴിക്കോട്: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് ഇതിനെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ കോപ്പി ഫേസ്ബുക്ക് പേജിലൂടെ ഫിറോസ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
”ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്‌ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിങ്ങളാണ്.
ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ. ബാക്കിയെല്ലാം മുസ്‌ലിങ്ങളാണ്.
ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്.
ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും.
ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്,” എന്നായിരുന്നു പി.സി. ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞത്.
കച്ചവടക്കാരായ മുസ്‌ലിങ്ങള്‍ അവര്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ വന്ധ്യതക്കുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് പി.സി. ജോര്‍ജ് പറഞ്ഞത്.
മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
പരാതിയുടെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു:
From,
PK Firos
General Secretary
Muslim Youth League Kerala State
To,
Director General of Police
Police Headquarters
Tiruvananthapuram
സാര്‍,
വിഷയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ വര്‍ഗ്ഗീയ പ്രഭാഷണവുമായി ബന്ധപ്പെട്ട്
വളരെ സൗഹാര്‍ദപൂര്‍വം ജനങ്ങള്‍ അധിവസിക്കുന്ന നാടാണ് കേരളം. അങ്ങിനെയൊരിടത്ത് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂട. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ 29-04-22, വെള്ളി, ഉദ്ഘാടനം ചെയ്തു സംസാരിച്ച മുന്‍ എം.എല്‍.എ പിസി ജോര്‍ജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും കാണാം.
കച്ചവടം ചെയ്യുന്ന മുസ്‌ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതെല്ലാം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുക.
ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് നമ്മുടെ നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയതിനാല്‍, IPC 153 A പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.
Content Highlight: Youth league state general secretary PK Firos files complaint against PC George for his communal, anti- Muslim comment at Hindu Maha Sammelan