| Wednesday, 1st June 2022, 9:28 pm

ദുര്‍ഗാവാഹിനി ജാഥയില്‍ അറസ്റ്റില്ല; യൂത്ത്‌ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പിരിപാടിയില്‍ പങ്കെടുത്തു.

‘സംഘപരിവാര്‍ സംഘടനയായ ദുര്‍ഗാവാഹിനി നെയ്യാറ്റിന്‍കരയില്‍ വാളേന്തി പ്രകടനം നടത്തുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പിണറായിയുടെ പോലീസിനെതിരെ ഇന്ന് യൂത്ത്‌ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.

മാര്‍ച്ച് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് അഭിനന്ദനങ്ങള്‍,’ പരിപാടിയുടെ ചിത്രം പങ്കുവെച്ച് പി.കെ. ഫിറോസ് ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് പറഞ്ഞിരുന്നു.

കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ആയുധമേന്തി പ്രകടനം നടത്തിയത്. കുട്ടികള്‍ ആയുധമേന്തി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 CONTENT HIGHLIGHTS: Youth League Secretariat held a march to protest against the non-arrest of the accused in connection with the durgawahin armed rally

We use cookies to give you the best possible experience. Learn more