Kerala News
ഷിബിന്‍ വധക്കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍; കൊലക്കേസ് പ്രതികള്‍ക്ക് രാജ്യസഭ അംഗത്തിന്റെ നിയമസഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 02:47 am
Friday, 17th January 2025, 8:17 am
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികളെയാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം സന്ദര്‍ശിച്ചത്.

കോഴിക്കോട്: നാദാപുരത്തെ സി.പി.ഐ.എം. പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് യൂത്ത് ലീഗ് നേതാക്കള്‍. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തവനൂര്‍ ജയിലിലെത്തി സന്ദര്‍ശിച്ചത്.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതികളെയാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം സന്ദര്‍ശിച്ചത്.

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ. ഹാരിസും മുഈനലി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതികള്‍ക്കായി മുസ്‌ലിം ലീഗ് രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയില്‍ നിയനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

Youth League National Vice President Mueeinali Thangal in front of Tavanur Jail after visiting accused in Shibin murder case

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൂഈനലി തങ്ങള്‍ ഷിബിന്‍ വധക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചതിന് ശേഷം തവനൂര്‍ ജയിലിന് മുന്നില്‍

2015 ജനുവരി 22നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം തൂണേരി വെള്ളൂരിലെ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന 19 വയസ് പ്രായമുള്ള ഷിബിന്‍ കൊല്ലപ്പെടുന്നത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. പൊലീസിന്റെ അന്വേഷണ വീഴ്ച ഉള്‍പ്പടെ ചൂണ്ടിക്കാട്ടി കേസിലെ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടിരുന്നെങ്കിലും പിന്നീട് 9 വര്‍ഷത്തിന് ശേഷം, 2024 ഒക്ടോബര്‍ 15ന് പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

കേസിലുള്‍പ്പെട്ട ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏഴ് പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി കുനിയില്‍ സിദ്ദീഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നാം പ്രതി അസ്‌ലം വിചാരണക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു.

വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെല്ലാം വിദേശത്തേക്ക് കടന്നിരുന്നിരുന്നെങ്കിലും ഹൈക്കോടതി ശിക്ഷ വിധിച്ചതോടെ പ്രതികളെ തിരികെ നാട്ടിലെത്തിച്ചാണ് ജയിലിലാക്കിയത്. പ്രതികളാണെന്ന് കണ്ടെത്തിയ 8 പ്രതികളെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പ്രതികളിപ്പോള്‍ തവനൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നിലവില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികള്‍ക്കായി യൂത്ത് ലീഗ് നേതൃത്വം സുപ്രീം കോടതിയില്‍ നിയമനടപടികള്‍ ആരംഭിച്ചതായാണ് വിവരം. പ്രതികള്‍ക്ക് വേണ്ടി മുസ്‌ലിം ലീഗില്‍ നിന്നുള്ള രാജ്യസഭ അംഗം അഡ്വ.ഹാരിസ് ബീരാനാണ് കേസ് വാദിക്കുക എന്നാണ് ഇന്നലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച മുഈനലി തങ്ങള്‍ വ്യക്തമാക്കിയത്.

content highlights: Youth League leaders visited Shibin murder accused in jail