'കയ്യില്‍ ചോരക്കറ പുരണ്ട മുഖ്യമന്ത്രി ഈ പതിനാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണം,' സി.പി ജലീല്‍ കൊലപാതകത്തിലെ ഡൂള്‍ന്യൂസ് അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ യൂത്ത് ലീഗ്
തിരുവനന്തപുരം: സി.പി ജലീല്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഡൂള്‍ന്യൂസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. സംസ്ഥാനത്ത് ഇതുവരെ നടന്ന ‘ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍’ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവരുമ്പോള്‍ അവക്ക് മറുപടി നല്‍കേണ്ട ധാര്‍മിക ഉത്തരവാദിത്തമുള്ള ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പൊലീസിന്റെ വാദങ്ങള്‍ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് നജീബ് പറഞ്ഞു.
2019 മാര്‍ച്ച് 6ന് വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് പൊലീസ് വെടിയേറ്റാണ് മാവോയിസ്റ്റ് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സി.പി ജലീല്‍ കൊല്ലപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട വിവിധ അന്വേഷണറിപ്പോര്‍ട്ടുകളിലെയും സാക്ഷിമൊഴികളിലെയും പൊലീസ് എഫ്.ഐ.ആറിനെ നിരാകരിക്കുന്ന തെളിവുകള്‍ അടങ്ങുന്ന ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തിലെ പൊലീസ് ഭാഷ്യത്തെ സംശയത്തിലാക്കുന്ന പതിനാല് തെളിവുകളും സംശയങ്ങളുമാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ‘കയ്യില്‍ ചോരക്കറ പുരണ്ട മുഖ്യമന്ത്രി ഈ പതിനാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ നാല് സംഭവങ്ങളിലായി എട്ട് മാവോയിസ്റ്റുകളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ‘ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു’ എന്ന പൊലീസ് ആവര്‍ത്തിക്കുന്ന തിരക്കഥകളെ അവിശ്വസനീയമാക്കുന്ന വിധത്തില്‍ പല തെളിവുകളും നേരത്തെ തന്നെ പുറത്തുവന്നതാണ്. പ്രതിപക്ഷം വളരെ ഗൗരവത്തില്‍ തന്നെ ആ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.’ നജീബിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതിപക്ഷവും ഭരണകക്ഷിയുടെ നേതാക്കളും വരെ സംഭവത്തില്‍ പൊലീസിനെതിരെ രംഗത്തുവന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലനില്‍ക്കുന്നത് രാജഭരണമോ സൈനിക ഭരണമോ അല്ല. ജനാധിപത്യ വാഴ്ചയാണ്. കുറ്റവാളികളാണെങ്കില്‍ പോലും ജീവനുള്ള മനുഷ്യരെ വെടിവെച്ചുകൊല്ലാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കയ്യില്‍ ചോരക്കറ പുരണ്ട മുഖ്യമന്ത്രി ഈ പതിനാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്.
2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ നാല് സംഭവങ്ങളിലായി എട്ട് മാവോയിസ്റ്റുകളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ‘ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു’ എന്ന പൊലീസ് ആവര്‍ത്തിക്കുന്ന തിരക്കഥകളെ അവിശ്വസനീയമാക്കുന്ന വിധത്തില്‍ പല തെളിവുകളും നേരത്തെ തന്നെ പുറത്തുവന്നതാണ്. പ്രതിപക്ഷം വളരെ ഗൗരവത്തില്‍ തന്നെ ആ വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.
2019 മാര്‍ച്ച് ആറിന് വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഡൂള്‍ന്യൂസ് ഇപ്പോള്‍ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോര്‍ട്ട് വൈത്തിരി സംഭവത്തിലെ പൊലീസ് വാദങ്ങളെ അടിമുടി ചോദ്യം ചെയ്യുന്നതാണ്.
സി.പി ജലീല്‍ കൊല്ലപ്പെട്ടതിന് കാരണമായ വെടിയുതിര്‍ത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലാതിരുന്ന മറ്റൊരു പൊലീസുകാരനാണെന്നും, അന്വേഷണ ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥന് പകരം പൊലീസ് മറ്റൊരാളെ ഹാജരാക്കുകയായിരുന്നുവെന്നും സംശയിക്കാവുന്ന അനേകം തെളിവുകളാണ് റിപ്പോര്‍ട്ടില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്.
മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസിന്റെ അടിസ്ഥാന വാദത്തെ റദ്ദ് ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, റിസോര്‍ട്ട് ജീവനക്കാരുടെ മൊഴി, പൊലീസിനെതിരെ വന്ന ഗൗരവമായ സാക്ഷിമൊഴികള്‍ എവിടെയും പരിഗണിക്കാതെ മജിസ്റ്റീരിയല്‍ അന്വേഷണം വെറും പ്രഹസനം ആക്കി മാറ്റിയത്, സി.പി ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍, മാവോയിസ്റ്റുകള്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന തോക്കിലെ തിരകള്‍ കണ്ടെത്താനാകാതിരുന്നത്,
സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സംശയകരമായ വെടിയുണ്ട ഏത് വിഭാഗത്തില്‍ പെട്ടതെന്നത് സീന്‍ എക്‌സാമിനേഷനിലും ഫോറന്‍സിക് റിപ്പോര്‍ട്ടിവും വ്യത്യസ്തമായി രേഖപ്പെടുത്തിയിരിക്കുന്നത്, ജലീലിന്റെ പിന്‍ഭാഗങ്ങളില്‍ മാത്രമാണ് വെടിയേറ്റതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, പൊലീസ് ജനറല്‍ ഡയറിയിലെ ക്രമക്കേടുകള്‍, മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സമയത്തെക്കുറിച്ചുള്ള പൊലീസ് സംഘാംഗങ്ങളുടെ പരസ്പരവിരുദ്ധമായ മൊഴികള്‍, ഓപ്പറേഷന്‍ അനക്കോണ്ടയെക്കുറിച്ചുള്ള പൊലീസ് ഭാഷ്യത്തിലെ ദുരൂഹതകള്‍, ഫോറന്‍സിക്-ബാലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുന്‍പേ പൂര്‍ത്തിയാക്കിയ മജിസ്റ്റീരിയല്‍ അന്വേഷണത്തിലെ പാകപ്പിഴകള്‍,
സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത വസ്തുക്കള്‍ക്കുള്ള സീസര്‍ മഹസറില്‍ നിന്ന് സി.സി.ടി.വി ദൃശ്യമടങ്ങിയ ഡി.വി.ആറിനെ മാത്രം ഒഴിവാക്കിയത്, സംഭവത്തെക്കുറിച്ച് പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടുകളിലെ സ്ഥിരീകരണങ്ങള്‍ പൊലീസ് എഫ്.ഐ.ആറുമായി ഒരു തരത്തിലും ബന്ധമില്ലാത്തത് തുടങ്ങി വൈത്തിരി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ മുഴുവന്‍ ഇടപെടലുകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലുള്ള ഗുരുതരമായ ക്രമക്കേടുകളാണ് ഡൂള്‍ന്യൂസ് റിപ്പോര്‍ട്ടില്‍ 14 വിഭാഗങ്ങളായി വിശദീകരിച്ചിട്ടുള്ളത്.
ഭരണകക്ഷിയുടെ ഭാഗമായ നേതാക്കള്‍ പോലും ഏറ്റുമുട്ടല്‍ സംഭവങ്ങളിലെ പൊലീസ് വാദങ്ങള്‍ക്കെതിരെ നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുമുട്ടല്‍ സംഭവങ്ങളിലെ പൊലീസിന്റെ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണത്തിന് ഉത്തരവിട്ടില്ല എന്ന് മാത്രമല്ല മുഴുവന്‍ സംഭവങ്ങളിലും പൊലീസ് വാദങ്ങളെ അതേപടി ആവര്‍ത്തിച്ച് പൊലീസിനെ ന്യായീകരിക്കാന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
ആ അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി നല്‍കുന്ന പിന്തുണകൊണ്ട് കൂടിയാണ് പൊലീസ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്ന് തന്നെ വിലയിരുത്തേണ്ടി വരും. ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ പൊലീസ് നടത്തിയിരിക്കുന്ന ഗുരുതരമായ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതിന് മറുപടി പറയാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പ് തലവനായ മുഖ്യമന്ത്രിക്കുണ്ട്.
കേരളത്തില്‍ നിലനില്‍ക്കുന്നത് രാജഭരണമോ സൈനിക ഭരണമോ അല്ല. ജനാധിപത്യ വാഴ്ചയാണ്. കുറ്റവാളികളാണെങ്കില്‍ പോലും ജീവനുള്ള മനുഷ്യരെ വെടിവെച്ചുകൊല്ലാനുള്ള അധികാരം ആര്‍ക്കുമില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക