ലീഗ് ഭരിക്കുന്നത് സ്ഥല കച്ചവടക്കാര്‍, പി. കെ ഫിറോസും കൂട്ടരും പാര്‍ട്ടിയിലെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി: വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്
Kerala News
ലീഗ് ഭരിക്കുന്നത് സ്ഥല കച്ചവടക്കാര്‍, പി. കെ ഫിറോസും കൂട്ടരും പാര്‍ട്ടിയിലെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി: വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 9:06 am

കോഴിക്കോട്: ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗിനെതിരെ വിമത സ്ഥാനാര്‍ത്ഥിയായി പട്ടിക സമര്‍പ്പിച്ച യൂത്ത് ലീഗ് നേതാവ് യൂസുഫ് പടനിലം. സി.എച്ച് സെന്റര്‍ കേന്ദ്രീകരിച്ച് സ്ഥലകച്ചവടം നടത്തുന്നവരാണ് പാര്‍ട്ടി ഭരിക്കുന്നതെന്ന് യൂസുഫ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും മുനവ്വറലി ശിഹാബ് തങ്ങളുടെയും നിര്‍ദേശം ജില്ലാ നേതൃത്വം അവഗണിക്കുകയാണെന്നും യൂസൂഫ് ആരോപിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ബ്ലോക്ക് ഡിവിഷനില്‍ വിമത സ്ഥാനാര്‍ത്ഥിയായി യൂസുഫ് പത്രിക സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സിറാജ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യൂസുഫ് ആരോപണങ്ങളുന്നയിച്ചത്.

‘സി.എച്ച് സെന്റര്‍ കേന്ദ്രീകരിച്ച് സ്ഥലക്കച്ചവടം നടത്തുന്നവരാണ് പാര്‍ട്ടി ഭരിക്കുന്നത്. അതിന് മുകളിലേക്ക് ആര്‍ക്കും പോകാനാവില്ല…ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അവഗണിച്ചുവെന്ന് മാത്രമല്ല, നാലാം തവണയും ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ ഹുസൈന് മത്സരിക്കാന്‍ സീറ്റ നല്‍കി. ഇക്കാര്യം ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എം. എ റസാഖ് മാസ്റ്റര്‍, യു.സി രാമന്‍, പി.കെ ഫിറോസ് തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.’ യൂസുഫ് പറഞ്ഞു.

യൂത്ത് ലീഗ് നേതാക്കളെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് ലീഗില്‍ കാലാവധി കഴിയുന്ന തങ്ങള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മാന്യമായ പരിഗണന നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. അവഗണനയില്‍ യൂത്ത് ലീഗ് നേതാക്കള്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധിക്കുന്നുണ്ട്. പല ഭാഗത്തും യൂത്ത് ലീഗ് നേതാക്കള്‍ വിമതരായി മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുന്ദമംഗലം പഞ്ചായത്ത് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് വിജലന്‍സ് അന്വേഷണം ഭയന്നാണ് യുവതലമുറയില്‍ പെട്ടവര്‍ക്ക് സീറ്റ് നല്‍കാതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും യൂസുഫ് മുന്നറിയിപ്പ് നല്‍കി.സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിക്കേണ്ട മണ്ഡലം പാര്‍ലമെന്റ് കമ്മിറ്റി വാര്‍ഡ് സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തുവെന്നും അദ്ദേഹം പറയുന്നു.

യൂത്ത് ലീഗിനെ അവഗണിച്ചതിനെതിരെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായി യൂസുഫ് പടനിലം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Youth League Leader against Muslim League