തിരുവനന്തപുരം: കെ.എസ് ശബരീനാഥ് എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചനെന്നാണ് വിമര്‍ശനം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എം.എല്‍.എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
ശബരിനാഥന്റേത് ഏകാധിപത്യ ശൈലിയാണ്, ബിജു മേനോന്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രമാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ മണിമല മാമച്ചന്‍. അവസരവാദ, അധികാര രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ് ആ കഥാപാത്രം. ചിത്രത്തിലെ കഥപാത്രത്തെ വെല്ലുന്ന തരത്തില്‍ അഭിനയിച്ച് തീര്‍ക്കുന്ന ജനപ്രതിനിധികളെയല്ല നാടിന് ആവശ്യമെന്നും യൂത്ത് ലീഗ് പ്രമേയം ആവശ്യപ്പെടുന്നു.
മുന്നണിയിലെ ഘടകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണ് കെ.എസ് ശബരിനാഥന്‍ എം.എല്‍.എ എന്നാണ് യൂത്ത് ലീഗ് പ്രമേയത്തില്‍ പറയുന്നത്. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ പൂവച്ചല്‍ പഞ്ചായത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
ശബരിനാഥനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കണമെന്നും മത്സര രംഗത്ത് നിന്ന് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തണം എന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Youth League call K. S. Sabarinathan manimala Mamachan In Film Vellimoonga