| Thursday, 7th June 2018, 11:41 pm

പ്രതിഷേധം തെരുവിലേക്കും; കോണ്‍ഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്കും. പലയിടത്തും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്റെയും കോലം കത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രതിഷേധമാണ് ഇപ്പോള്‍ തെരുവിലേക്കും നീണ്ടിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റുകാരാണെന്നും തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.


Read Also : ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍.എസ്.എസുകാര്‍ ആഘോഷിച്ച ചരിത്രം കൂടി പ്രണബ് മുഖര്‍ജി അവരെ ഓര്‍മ്മിപ്പിക്കണമായിരുന്നു: സീതാറാം യെച്ചൂരി


പി.ജെ.കുര്യന്‍ വിരമിക്കുന്നതോടെ രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിലൂടെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വി.എം സുധീരന്‍, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷണന്‍ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും വി.ടി ബല്‍റാം ഷാഫി പറമ്പില്‍, അനില്‍ അക്കരെ, ഹൈബി ഈഡന്‍ തുടങ്ങി നിരവധി യുവനേതാക്കളുമാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

സീറ്റ് യു.ഡി.എഫ് ഘടകകക്ഷി പോലും അല്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സാധാരണ പ്രവര്‍ത്തകരുടെ വികാരത്ത വ്രണപ്പെടുത്തുന്നതാണ് തീരുമാനം. വഞ്ചനാപരമായ ഈ തീരുമാനം പുനഃപരിശോധിക്കണം എന്നാണ് വി.ടി ബല്‍റാം പറഞ്ഞത്.

We use cookies to give you the best possible experience. Learn more