|

ഫെയ്‌സ്ബുക്കില്‍ സഹോദരിയെ അപമാനിച്ച മലയാളി യുവാവിനെ ദുബായില്‍ കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സഹോദരിയെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച മലയാളി യുവാവിനെ ദുബായില്‍ കുത്തിക്കൊന്നു. തൃശൂര്‍ ചിയ്യാരം സേവനാലയം പള്ളിക്കു സമീപം നെല്ലിശേരി ഡേവിസിന്റെ മകന്‍ ഡെല്‍ജോ (24) ആണ് കൊല്ലപ്പെട്ടത്. തൃശൂര്‍ സ്വദേശിയായ യുവാവാണ് കൊലചെയ്തത്.

ബുധനാഴ്ച ഉച്ചയോടെ ജഫിലിയ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലിന്റെ പാര്‍ക്കിങ് മേഖലയിലായിരുന്നു സംഭവം നടന്നത്. സഹോദരിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചതിനുള്ള പ്രതികാരമായാണ് കൊലചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയായ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. ഇതേക്കുറിച്ച് കേരളത്തില്‍ സൈബര്‍സെല്ലിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാല്ലെന്നും ഇതേ തുടര്‍ന്ന് കൊലചെയ്യുകയായിരുന്നെന്ന് പ്രതിമൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

കൊലയ്ക്കുശേഷം പ്രതി ഓടി പോകുന്നത് കണ്ടവരുണ്ട്. വലതു കയ്യില്‍ മുറിവുമായി ഒരു യുവാവ് വെളുത്ത കാറില്‍ പോകുന്നതു കണ്ടതായി സമീപത്തെ കെട്ടിടത്തിലെ സുരക്ഷാജീവനക്കാരന്‍ പറഞ്ഞതനുസരിച്ച പോലീസ് നടത്തിയ തിരച്ചിലാണ് പ്രതിയെ പിടികൂടിയത്. ഹോട്ടലിലെ സി.സി.ടി.വിയില്‍ പതിഞ്ഞ യുവാവിന്റെ ചിത്രം സഹിതം ആശുപത്രികളിലും എയര്‍പോട്ടുകളിലും രാജ്യാതിര്‍ത്തികളിലും വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ നാട്ടിലേക്ക് തിരിച്ചുവരാനായി വിമാനത്താവളത്തിലെത്തിയ യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.