| Wednesday, 24th May 2017, 7:37 am

സഹാറന്‍പൂരില്‍ ദളിത് യുവാവിനെ സവര്‍ണര്‍ വെടിവെച്ചു കൊന്നു; 20പേര്‍ക്ക് ഗുരുതര പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സഹാറന്‍പൂരില്‍ വീണ്ടും ദളിതര്‍ക്കുനേരെ താക്കൂര്‍ വിഭാഗക്കാരുടെ ആക്രമണം. ആക്രമണത്തില്‍ ഒരു ദളിത് യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. 20പേര്‍ക്ക് പരുക്കുണ്ട്.

മൂന്നിടങ്ങളിലായാണ് ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായത്. ഈമാസം ആദ്യം ഇവിടെ ദളിതര്‍ക്കുനേരെ താക്കൂര്‍ വിഭാഗത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബി.എസ്.പി നേതാവ് മായാവതി സാബിര്‍പൂര്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു മടങ്ങവെയാണ് വീണ്ടും ദളിതര്‍ക്കു നേരെ അതിക്രമമുണ്ടായത്.

റോഡരികിലെ തോട്ടങ്ങളുടെ മറവില്‍ ഒളിച്ചുനിന്ന ഇവര്‍ ദളിതരെ ലാത്തികളും മൂര്‍ച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ചാന്ദ്പുര ഗ്രാമത്തിനു സമീപം രണ്ടിടങ്ങളിലായിരുന്നു ആക്രമണം.

ഇതില്‍ ഇരിടത്ത് ആഷിഷ് എന്ന ദളിത് യുവാവിനുനേരെ അടുത്തുനിന്നും വെടിവെക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.


Must Read: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍ 


യുവാവ് കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ പ്രകോപിതരായ ദളിതര്‍ ചിലയിടങ്ങളില്‍ കല്ലേറ് നടത്തിയെന്നും ഇതേത്തുടര്‍ന്ന് കടകളെല്ലാം അടച്ചിടേണ്ടി വന്നെന്നും പൊലീസ് പറയുന്നു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാറാണ് അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദിയെന്ന് റാലിയില്‍ മായാവതി ആരോപിച്ചിരുന്നു. ദളിതരെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രില്‍ മുതലാണ് സഹാറന്‍പൂരില്‍ അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. മെയ് അഞ്ചിനുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more