ഉത്തര്‍പ്രദേശിലെ സാംപാല്‍ ജില്ലയില്‍ നിന്നും രണ്ട് യുവാക്കളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് തങ്ങളുടെ രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
സാംപാല്‍(ഉത്തര്‍പ്രദേശ്): 18 ജവാന്‍മാരുടെ ജീവനെടുത്ത ഉറി ഭീകരാക്രമണം രാജ്യമെമ്പാടും ചര്‍ച്ചയാകുമ്പോള്‍ നിരവധിയാളുകളാണ് പാക്കിസ്ഥാന് തിരിച്ചടി നല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്.
ഇപ്പോഴിതാ പാക്കിസ്ഥാനെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയിരിക്കുന്നത് രക്തം കൊണ്ടെഴുതിയ മൂന്ന് കത്തുകളാണ്. ഉത്തര്‍പ്രദേശിലെ സാംപാല്‍ ജില്ലയില്‍ നിന്നും രണ്ട് യുവാക്കളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് തങ്ങളുടെ രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ജമ്മു കാശ്മീരിലെ ഉറിയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അല്‍പം ആദരവ് നല്‍കണമെന്നും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരണമെന്നും യു.എന്നിലെ നവാസ് ഷെരീഫിന്റെ പ്രസംഗത്തിന് ശേഷമെങ്കിലും എന്തെങ്കിലും ചെയ്യൂ എന്നുമാണ് കത്തിലെ ഉള്ളടക്കം. ഹിന്ദിയിലെഴുതിയതാണ് കത്തുകള്‍.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബന്ധപ്പെട്ടവരോ ഇതുവരെ തയ്യാറാകുന്നില്ല. അതിനിടെ ഐക്യരാഷ്ട്രസഭയുടെ പൊതുവേദിയില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയുമായുള്ള സമാധാനം പുനസ്ഥാപിക്കുക ദുഷ്‌കരമാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞിരുന്നു. കാശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യു.എന്നിന്റെ നേതൃത്വത്തില്‍ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ഇന്ത്യ ആഞ്ഞടിച്ചു. പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണെന്നും ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നയമാണ് പാക്കിസ്ഥാന്‍ ദീര്‍ഘകാലമായി തുടരുന്നതെന്നും ഇന്ത്യയുടെ പ്രതിനിധി ഈനാം ഗംഭീറും പറഞ്ഞു.