2019 ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ചേര്‍ക്കപ്പെടാന്‍ പോകുന്ന പല പ്രാധാന്യങ്ങളിലൊന്നാണ് ഇത്തവണ ഉയര്‍ന്നുവരുന്ന യുവ നേതാക്കളുടെ വലിയനിര. കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും എ.എ.പിക്കുമെല്ലാം ഉയര്‍ത്തി കാണിക്കാന്‍ നാമമാത്രമല്ലാത്ത ശക്തരായ യുവ സ്ഥാനാര്‍ത്ഥികള്‍ ഉണ്ട് എന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരല്ലെങ്കില്‍ പോലും കൃത്യമായ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടങ്ങി വെക്കുന്നതില്‍ യുവാക്കള്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് എന്നതും തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
പ്രായം വെറും സംഖ്യ മാത്രമാണെന്ന് പറയാറുണ്ടെങ്കിലും 48 വയസ്സുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയെ മമതാ ബാനര്‍ജി കുട്ടി എന്ന് പരിഹാസ രൂപേണ വിളിക്കുമ്പോള്‍ പ്രായം ചര്‍ച്ച ചെയ്യാതെ പോകുന്നതെങ്ങെയാണ്.
ബിഹാറിലെ ബെഗുസാരൈയില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യത്തിനെ നേരിടുന്ന കനയ്യ കുമാറാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചത്. ജവഹര്‍ലാന്‍ നെഹ്റു യൂണിവേര്‍സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ സി.പി.ഐ ടിക്കറ്റിലാണ് മത്സരിക്കുന്നത്. മോദി ഭരണകാലത്ത് രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കിയ തീവ്ര ദേശീയതയുടെ ഇര കൂടിയായിരുന്നു കനയ്യ കുമാര്‍. അതുകൊണ്ട് തന്നെയാകും ഷെഹ്ലാ റാഷിദ്, ഗുര്‍മേഹര്‍ കൗര്‍ എന്നിവരുള്‍പ്പെടുന്ന വലിയ സംഘം യുവത്വം കനയ്യക്ക് വേണ്ടി സംസാരിക്കുവാന്‍ മുന്നോട്ട് വരുന്നത്.
ഗുജറാത്തിലെ ദലിത് നേതാവും ആര്‍ജ്ജവമുള്ള യുവ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മെവാനിയും പട്ടിദാര്‍ പാര്‍ട്ടി നേതാവ് ഹാര്‍ദീക് പാട്ടീലും കനയ്യക്ക് വേണ്ടി പ്രചരണം നടത്താനായി തയ്യാറായി മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഹാറിലെ ബഗുസാരയില്‍ തന്നെ തങ്ങി കനയ്യക്ക് വേണ്ടി വോട്ട് ചോദിക്കുകയാണ് ജിഗ്‌നേഷ് മേവാനി. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന എല്ലാ ശക്തികളേയും അധികാരത്തില്‍ നിന്ന് താഴെ ഇറക്കുക എന്നതാണ് പ്രധാനം എന്ന് അവര്‍ ഒരേ ശബ്ദത്തില്‍ പറയുന്നു.
30 വയസ്സുള്ള രാഘവ് ചദ്ദയാണ് തലസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നായ സൗത്ത് ദല്‍ഹിയില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനേയും നേരിടാന്‍ ഒരുങ്ങുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ സുമലതയെ നേരിടുന്ന നിഖില്‍ ഗൗഡക്ക് പ്രായം 29 ആണ്.
ദക്ഷിണ്‍ കന്നഡയില്‍ 27 വയസ്സുകാരനായ മിഥുന്‍ റായിക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ നീക്കവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. സിറ്റിങ്ങ് എം.പി ആയ നളിന്‍ കുമാര്‍ ഖട്ടീലാണ് ഇവിടെ മിഥുനിന്റെ പ്രധാന എതിരാളി. കേരളത്തില്‍ മലപ്പുറത്ത് മത്സരിക്കുന്ന സി.പി.ഐ.എം. സ്ഥാനാര്‍ത്ഥി വി.പി സാനുവിന് വയസ്സ് 30 ആണ്. ബി.ജെ.പി പോലും തേജസ്വി സൂര്യയെ പോലൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറായി എന്നതും ശ്രദ്ധേയമാണ്.
സിദ്ദാര്‍ത്ഥിനെയും സ്വര ഭാസ്‌കറിനേയും പോലുള്ള നിരവധി യുവ താരങ്ങളും പരസ്യമായി തങ്ങളുടെ രാഷ്ട്രീയം സംസാരിക്കാന്‍ തയ്യാറായതും നാം കണ്ടതാണ്. ഇന്ത്യയുടെ വോട്ടര്‍മാരില്‍ ഏതാണ് മൂന്നില്‍ ഒരു ഭാഗം യുവാക്കളാണ്. 45 മില്ല്യന്‍ പുതിയ വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയ ദത്ത് യുവാക്കളോട് വോട്ട് ചോദിച്ച് പബ്ബുകളില്‍ വരെയെത്തിയത് ഇതിന്റെ തെളിവാണ്.
ഇന്ത്യയുടെ ശരാശരി പ്രായം 27.9 ആയിട്ടു കൂടിയും നമ്മുടെ ഇരു സഭകളും തെരഞ്ഞെടുപ്പു തോറും പ്രായമേറുകയാണ്. നിലവില്‍ 30 വയസ്സിന് താഴെ വെറും 2.2 % അംഗങ്ങള്‍ മാത്രമാണ് നമ്മുടെ സഭകളില്‍ ഉള്ളത്.