കൊല്ലം: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബി.ജെ.പി നേതൃത്വത്തിന് നന്ദിയറിയിച്ച് യുവാവ്. മലപ്പേരൂര്‍ സ്വദേശിയായ മനേഷ് മോഹനനാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ബി.ജെ.പിക്കാര്‍ ഒട്ടിച്ച പോസ്റ്ററിന് തൊട്ടുതാഴെ നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു പോസ്റ്റര്‍ ഒട്ടിച്ചത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് മനേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ പുറത്താക്കിയ വിവരം മനേഷ് അറിയുന്നത് പോസ്റ്ററിലൂടെയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് നന്ദിയറിയിച്ചുകൊണ്ട് ഇയാളും പോസ്റ്റര്‍ ഇറക്കിയത്.
‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് മനേഷ് മോഹനനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. ബി.ജെ.പി മലപ്പേരൂര്‍ ബൂത്ത് കമ്മിറ്റി’ , എന്നായിരുന്നു ബി.ജെ.പി പോസ്റ്ററില്‍ എഴുതിയത്.
ഇതിന് തൊട്ടുതാഴെയായി ‘ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം എടുത്ത മലപ്പേരൂര്‍ ബി.ജെ.പി ബൂത്ത് കമ്മിറ്റി നേതൃത്വത്തിന് എന്റേയും എന്റെ കുടുംബത്തിന്റേയും നന്ദി അറിയിച്ച് കൊള്ളുന്നു, എന്നെഴുതിയ പോസ്റ്റര്‍ മനേഷ് മോഹനനും ഒട്ടിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്റെ അയല്‍വാസിയും സുഹൃത്തുമായ ആള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെന്നും സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്ന കാരണമാണ് അവര്‍ പുറത്താക്കലിനായി പറഞ്ഞതെന്നും മനേഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ ഓട്ടോക്കാരനാണ്. വീട്ടില്‍ നിന്ന് ഓട്ടോയുമായി പുറത്തിറങ്ങിയപ്പോഴാണ് ഈ പോസ്റ്റര്‍ കാണുന്നത്. അച്ഛനാണ് എനിക്ക് ഈ പോസ്റ്റര്‍ ആദ്യം കാണിച്ചുതരുന്നത്. ആ പോസ്റ്റര്‍ ഒന്ന് വായിക്ക് എന്ന് അച്ഛന്‍ എന്നോട് പറഞ്ഞു. അപ്പോഴാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം അറിയുന്നത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുറത്താക്കിയത് എന്നാണ് അവര്‍ എഴുതിയത്. എന്താണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് മനസിലായില്ല. നമ്മുടെ കൂടെയുള്ള ഒരാള്‍, വീട്ടിലെ അംഗത്തെപ്പോലെ ഉള്ള ഒരാള്‍ മത്സരരംഗത്ത് നിന്നാല്‍ നമ്മള്‍ പിന്തുണയ്ക്കും അപ്പോള്‍ പാര്‍ട്ടി നോക്കില്ല. ഞാനും അതേ ചെയ്തുള്ളൂ.
പാര്‍ട്ടി പുറത്താക്കിയത് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ വിഷമിച്ചിരിക്കാതെ അതില്‍ അവരോട് നന്ദി പ്രകടിപ്പിച്ച് പോസ്റ്ററിറക്കാന്‍ അച്ഛനാണ് പറഞ്ഞത്. അങ്ങനെയാണ് പോസ്റ്ററൊട്ടിക്കുന്നത്.
എന്റെ വീട്ടിലെല്ലാവരും കമ്മ്യൂണിസ്റ്റുകാരാണ്. അവരെയെല്ലാവരേയും ധിക്കരിച്ചാണ് ഞാന്‍ പാര്‍ട്ടിക്കൊപ്പം നിന്നത്. അങ്ങനെയിരിക്കെയാണ് ഒരു പോസ്റ്ററിലൂടെ പുറത്താക്കിയ കാര്യം അറിഞ്ഞത്’, മനേഷ് പറഞ്ഞു.
അതേസമയം പോസ്റ്റര്‍ വൈറലായതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മനേഷ് പറഞ്ഞത്. ഇത് ആരേയും നാണംകെടുത്താനോ കുറ്റപ്പെടുത്താനോ അല്ലെന്നും അവര്‍ ഒരു പോസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ ഞാനും തിരിച്ചൊരെണ്ണം ഒട്ടിച്ചു എന്നേയുള്ളൂവെന്നും ഇനി അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും മനേഷ് പറഞ്ഞു.
‘സംഘികള്‍ക്ക് നന്നാകാന്‍ പറ്റില്ലെന്ന് ആരാ പറഞ്ഞേ ! ഒരു കുടുംബം രക്ഷപ്പെടുന്ന സുന്ദരമായ കാഴ്ച’, എന്നുപറഞ്ഞാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക