പഞ്ചിം: പ്രളയദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായധനം ശേഖരിക്കാനായി സൈക്കിള്‍ യാത്ര നടത്താനൊരുങ്ങി യുവാവ്. ലെമണ്‍ട്രീ ഹോട്ടല്‍സില്‍ റീജ്യണല്‍ മാനേജരായി ജോലി നോക്കുന്ന നിഖില്‍ ശശിധരനാണ് കേരളത്തിനായി എണ്ണൂറു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നത്.
ധനസമാഹരണത്തിനായി ഗോവയില്‍ നിന്നും കൊച്ചി വരെ നാലു ദിവസത്തിനകം സൈക്കിളിലെത്താനാണ് നിഖിലിന്റെ പദ്ധതി. പഞ്ചിമിലെ ഫിറ്റ്‌നസ് ബാറില്‍ നിന്നും ഇന്നു രാവിലെ 6.30ഓടെ ആരംഭിച്ച യാത്ര സെപ്തംബര്‍ മൂന്നിന് കൊച്ചിയില്‍ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സൈക്കിള്‍ യാത്രയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവനകള്‍ ആവശ്യപ്പെട്ടുകൊണ്ട് നിഖില്‍ ഫേസ്ബുക്കിലിടുന്ന കുറിപ്പുകള്‍ക്ക് വലിയ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇന്ന് രാവിലെ വരെ നിഖില്‍ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 79,671 രൂപയാണ്.
ഇന്ന് ഒരു ദിവസം കൊണ്ട് 200 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് ഉദ്ദേശിക്കുന്നതെന്ന് നിഖില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് നമുക്കാവശ്യമുണ്ടെന്നും അതിലേക്ക് തന്നാലാകുന്നത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നിഖില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
യാത്ര തുടങ്ങുന്നതിനു മുന്‍പായിത്തന്നെ നിഖിലിന്റെ ഉദ്യമത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും സംഭാവനകള്‍ ലഭിക്കുന്നുണ്ട്. മൂന്നാം തീയതി യാത്ര കൊച്ചിയില്‍ അവസാനിക്കുമ്പോഴേക്കും കേരളത്തിനായി വലിയൊരു തുക തന്നെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.