World News
ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 22, 01:46 am
Thursday, 22nd October 2020, 7:16 am

റിയോ ഡി ജനീറോ: ബ്രസീലില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തയാള്‍ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 28 വയസ്സുകാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത് .ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്രസീലിലെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി തയ്യാറെടുക്കവെയാണ് യുവാവിന്റെ മരണം.

അതേസമയം ഇദ്ദേഹത്തിന് വാക്‌സിന്‍ നല്‍കിയിരുന്നോ എന്നതിനെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് മന്ത്രാലയം അറിയിച്ചത്.

കൂടാതെ വാക്‌സിന്‍ പരീക്ഷണത്തെ ഇത്തരം വാര്‍ത്തകള്‍ ബാധിക്കുമെന്നും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഓക്‌സ് ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്കയുമായി ചേര്‍ന്നാണ് കൊവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നത്.

ഈ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടണ്‍, എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Brazil Covid Vaccine