കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അറസ്റ്റില്‍. കാപ്പ ചുമത്തി മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.
നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് ഇപ്പോഴത്തെ പൊലീസ് നടപടി. നേരത്തെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.
ഡി.വൈ.എഫ്.ഐക്കെതിരെ നേരത്തെ ആകാശ് തില്ലങ്കേരി എത്തിയിരുന്നു. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.
എന്നാല്‍, സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നു.
ഇവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലെ ഇത്തരക്കാരുടെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
Content Highlight: Youth Congress worker Shuhaib murder case accused Akash Tillankeri arrested