തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍.
‘മാപ്പല്ല കോപ്പ് പറയും….ശൈലജ ടീച്ചര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്നുള്ള ഡിഫിക്കാരുടെ പൂതി മനസ്സില്‍ വച്ചാല്‍ മതി’യെന്നുമായിരുന്നു നുസൂറിന്റെ പരാമര്‍ശം.
ഫേസ്ബുക്കിലൂടെയായിരുന്നു നുസൂറിന്റെ പരാമര്‍ശം. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു.
സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളിയെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയ വിരോധം വച്ച് പറയുന്നതല്ല. കൊവിഡ് പ്രതിരോധത്തില്‍ മുന്നില്‍നില്‍ക്കുന്ന ആരോഗ്യമന്ത്രിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്റെ പ്രയോജനമെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി ശനിയാഴ്ച പറഞ്ഞത്. മന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയ മുല്ലപ്പള്ളി മന്ത്രിക്കെതിരെ വീണ്ടും അധിക്ഷേപം നടത്തുകയും ചെയ്തു.
ലണ്ടന്‍ ഗാഡിയന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം റോക്ക് സ്റ്റാര്‍ എന്ന് ആരോഗ്യമന്ത്രിയെ വിശേഷിപ്പിച്ചതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്.
കൊവിഡ് പ്രതിരോധ രംഗത്ത് സര്‍ക്കാരിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ആര്‍ക്കും അത് നിഷേധിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരാളെക്കുറിച്ചും ഒരു പരാമര്‍ശവും നടത്തുന്ന ആളല്ല. പ്രത്യേകിച്ച് സ്ത്രീകളെ കുറിച്ച് ഞാന്‍ മോശമായി സംസാരിക്കാറില്ല മുല്ലപ്പള്ളി പറഞ്ഞു.
എന്‍.എസ് നുസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
മാപ്പല്ല കോപ്പ് പറയും….ശൈലജ ടീച്ചര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മുല്ലപ്പള്ളി മാപ്പ് പറയണമെന്നുള്ള ഡിഫിക്കാരുടെ പൂതി മനസ്സില്‍ വച്ചാല്‍ മതി.കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളെ ഓര്‍മ്മയുണ്ടോ സഖാക്കളേ?കെ.കെ. രാജീവന്‍, കെ. ബാബു, മധു, കെ.വി. റോഷന്‍, ഷിബുലാല്‍. നിങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ഉള്‍പ്പടെയുള്ളവരെ മറക്കരുത്. അവരുടെ രക്തംകൊണ്ട് തളംകെട്ടിയ മണ്ണല്ലേ കൂത്തുപറമ്പ്. അവിടുത്തെ എം എല്‍ എ അല്ലെ ഈ ടീച്ചര്‍. യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്ത സ്വാശ്രയസമരം കത്തിക്കാളുമ്പോള്‍, ലാത്തിചാര്‍ജുകള്‍ കൊണ്ട് പ്രവര്‍ത്തകര്‍ക്ക് ശരീരത്തില്‍ പൊട്ടലുകളും പരിക്കുകളും ഉണ്ടായസമയംഡീന്‍ കുര്യാക്കോസിന്റെയും സി ആര്‍ മഹേഷിന്റേയും ആരോഗ്യനില വഷളാകുമ്പോള്‍ സ്വാശ്രയ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് നല്‍കാന്‍ ആദ്യമായും അവസാനമായും ഞാന്‍ പിണറായി വിജയന്റെ ഓഫീസില്‍ പോയി.
എനിക്ക് ഓര്‍മയുണ്ട് അന്ന് അവിടിരുന്ന ഒരു മഹാന്‍ പറഞ്ഞത് ‘നിങ്ങളുടെ സമരം വിജയിക്കും കാരണം സ്വാശ്രയസ്ഥാപനങ്ങളെ വരുതിക്ക് കൊണ്ട് വരണം എന്നത് മുഖ്യന്റെയും ആരോഗ്യമന്ത്രിയുടെയും ആവശ്യമാണ്. അവര്‍ക്ക് ആരെയും പേടിയില്ല അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം’. സത്യത്തില്‍ ആദ്യം ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചു. കാരണം എത്രയോ പ്രവര്‍ത്തകര്‍ സമരത്തില്‍ ബുദ്ധിമുട്ടനുഭവിച്ചു കഴിഞ്ഞു. ഡീന്‍ കുര്യാക്കോസും രക്തസമ്മര്‍ദത്തിന്റെ ബുദ്ധിമുട്ടുള്ള സി ആറും നന്നേ ക്ഷീണിച്ചു തുടങ്ങിയിരുന്നു.
പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചാനലുകളും പത്രങ്ങളും ഇതിനോടകം നമ്മുടെ സമരത്തെ ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ നമ്മളോട് നല്ലവാക്കുകള്‍ പറയാന്‍ തുടങ്ങി.ഇതിനിടയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളുമായി രഹസ്യചര്‍ച്ചകള്‍ തുടങ്ങി എന്ന് നേരത്തെ സംസാരിച്ച മഹാനെ വിളിച്ചപ്പോള്‍ മനസിലാക്കിയിരുന്നു. സമരനേതാക്കള്‍ അബോധാവസ്ഥയിലേക്ക് കടക്കും എന്ന് ബോധ്യം വന്നതിന്റെയന്നു സമരത്തെ അടിച്ചമര്‍ത്തി പന്തല് പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഞങ്ങള്‍ പ്രതിരോധിച്ചു.
ഒട്ടനവധി പ്രവര്‍ത്തകന്‍ പരിക്കുകളോടെ ആശുപത്രിയിലായി, മുനീര്‍ എന്ന കെ എസ് യു ക്കാരന്റെ കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വെഞ്ഞാറമൂട് ഫെബിന്‍ ഉള്‍പ്പടെയുള്ളവരുടെ തലപൊട്ടി ചോരവാര്‍ന്ന് മാരക പരിക്കുകളുണ്ടായി . അന്നത്തെ സമരത്തിന്റെ തിക്തഫലം അനുഭവിക്കുകയാണ് ഇന്നും ഞങ്ങളുടെ പ്രവര്‍ത്തകര്‍.അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനടക്കം നടുറോഡില്‍ വീഴുന്ന സാഹചര്യമുണ്ടായി.
സമരം നിയമസഭാസാമാജികര്‍ ഏറ്റെടുത്തു. അവസാനം മാനേജ്‌മെന്റ് മുട്ടുമടക്കി ഫീസ് കുറക്കാന്‍ സമ്മതിച്ചു. പക്ഷെ അവസാനവട്ട ചര്‍ച്ച ഞങ്ങളെ ഞെട്ടിച്ചു. ഫീസ് കുറക്കാനുള്ള മാനേജ്മെന്റ് തീരുമാനം ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രഹസ്യമായി അട്ടിമറിച്ചു. എത്രക്കാണ് കച്ചവടം ഉറപ്പിച്ചതെന്നത് രഹസ്യമായ പരസ്യമാണ്..ഇത് ഇപ്പോള്‍ പറയാന്‍ കാരണം.
‘മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയുന്നതിനേക്കാളും നല്ലത് നട്ടെല്ലുടെങ്കില്‍ സഖാവ് റഹീമും കൂട്ടരും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവിനെപ്പോലും വിറ്റു തിന്ന ശൈലജ ടീച്ചറെ കൊണ്ട് രക്തസാക്ഷി കുടുംബങ്ങളോട് മാപ്പ് പറയിക്ക്…’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ