| Sunday, 23rd January 2022, 4:16 pm

ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം; റിജില്‍ മാക്കുറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

പാന്റ്‌സിട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. പാന്റ്‌സ് ഭീകര ആയുധമാണ്. ‘ശുംഭശിരോമണി ജയരാജന്‍’ എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം.
കേരള ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘപരിവാര്‍ പിടിയില്‍,’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു. ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്.

പല വാഹനങ്ങളും പോകാന്‍ അനുവദിച്ചപ്പോഴും തങ്ങളുടെ വാഹനം മാത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞു നിര്‍ത്തിയെന്നും, പര്‍ദ ധരിച്ച മാതാവിനോട് നിങ്ങളുടെ വസ്ത്രമാണ് പ്രശ്‌നം എന്ന് പറഞ്ഞെന്നും അഫ്‌സല്‍ പറഞ്ഞിപരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് റിജിലിന്റെ വിമര്‍ശനം.

മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു എം.വി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ നേരത്തെ പരിഹസിച്ചിരുന്നത്.

‘എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍.സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍,’ എന്നായിരുന്നു ജയരാജന്‍ പറഞ്ഞിരുന്നത്.

അതേസമയം, കണ്ണൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസും- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ ആക്രമിച്ചതും സംഘപരിവാര്‍ അത് ആഘോഷിക്കുന്നതും അത്ര നിഷ്‌കളങ്കമല്ലെന്ന് റിജില്‍ മാക്കുറ്റി ഡുള്‍ന്യൂസിനോട് പറഞ്ഞിരുന്നു. പിണറായി വിജയന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സി.പി.ഐ.എമ്മുകാര്‍ എന്നെ ആക്രമിച്ചപ്പോള്‍ സംഘപരിവാര്‍ അത് ആഘോഷിക്കുന്നുണ്ടെങ്കില്‍ അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. ഞാന്‍ സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണ്. കേരളത്തില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന പുതിയ ഒരു സഖ്യമുണ്ട്.

പിണറായി വിജയന്റെ സര്‍ക്കാരും സംഘപരിവാറും നല്ല അഡ്ജസ്റ്റ്‌മെന്റിലാണ് പോകുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്ന് പല വിഷയത്തിലും തെളിഞ്ഞിട്ടുണ്ട്,’ എന്നാണ് റിജില്‍ പറഞ്ഞിരുന്നത്.

ലസിത പാലക്കല്‍ അടക്കമുള്ള ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ റിജില്‍ മാക്കുറ്റിക്ക് നേരയുണ്ടായ അക്രമത്തില്‍ സന്തോഷം പ്രകടപ്പിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റിജിലിന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കണ്ണൂരില്‍ നടന്ന കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടക്കുകയായിരുന്നു.

തുടര്‍ന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Youth Congress Vice President Rijel Makutty in reply to M.V. Jayarajan

Latest Stories

We use cookies to give you the best possible experience. Learn more